കോട്ടപ്പറമ്പ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ്, ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: പ്രസവുമുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ്, ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രസവത്തിലെ മാതൃമരണ നിരക്കിൽ ദേശീയ ശരാശരി 27 ആണ്. ഏതാനും വർഷങ്ങൾ കൊണ്ട് അത് ആറ് ആകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലും കേരളം 4.3 എന്ന അഭിമാന നേട്ടമാണ് സാദ്ധ്യമാക്കിയത്. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ സംരക്ഷിക്കുക പരമപ്രധാനമാണെന്നും മന്ത്രി പറഞ്ഞു. 567 കോടി രൂപ ചെലവിൽ കോഴിക്കോട് സ്ഥാപിക്കുന്ന സംസ്ഥാന അവയവമാറ്റ ഇൻസ്റ്റിറ്റിയൂട്ടിന് ഭരണാനുമതിയായതാണ്. സമീപ കാലത്ത് തന്നെ അത് യാഥാർത്ഥ്യമാകുമെന്നും മന്ത്രി അറിയിച്ചു.
ഒരുങ്ങിയത് അത്യാധുനിക സംവിധാനങ്ങൾ
ആശുപത്രികളിൽ നേരത്തേ ജനിക്കുന്ന കുഞ്ഞുങ്ങൾ, ഭാരം കുറഞ്ഞതും രോഗികളുമായ കുഞ്ഞുങ്ങൾ, അമ്മയുടെ പാൽ ലഭിക്കാതെ പോകുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭ്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റ്. അമ്മയുടെ മുലപ്പാൽ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഇവിടെ സൗകര്യമൊരുക്കും. 15,61,491 രൂപ ചെലവിലാണ് യൂണിറ്റ് സ്ഥാപിതമാവുന്നത്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020-21ൽ അംഗീകാരം നൽകിയ 58.1 ലക്ഷം ചെലവിലാണ് ഓക്സിജൻ പ്ലാന്റിന്റെ നിർമാണംപൂർത്തിയാക്കിയത്. എച്ച്.എൽ.എൽ കെയർ ലിമിറ്റഡാണ് രണ്ട് യൂണിറ്റുകളുടെയും നിർമ്മാണ പ്രവൃത്തികൾ നടത്തിയത്. കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് വിതരണ സംവിധാനത്തിലൂടെ ആശുപത്രിയുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ട ഓക്സിജൻ, നൈട്രസ് ഓക്‌സൈഡ്, മെഡിക്കൽ എയർ തുടങ്ങിയ വാതകങ്ങളുടെ വിതരണത്തിനുള്ള ശ്യംഖല യാഥാർഥ്യമാകും. അഹമ്മദ് ദേവർകോവിൽ എം.എൽ.എ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ അബൂബക്കർ, ഡോ. എൻ. രാജേന്ദ്രൻ, ഡോ. സി.കെ ഷാജി, ഡോ. പി.പി പ്രമോദ് കുമാർ, ഡോ.എം. സുജാത, ഡോ.എ.പി ബിന്ദു. ബി.കെ പ്രേമൻ, പി. ഉഷാദേവി, വി. മുഹമ്മദ് റാസിഖ്, അഡ്വ.പി.എം ഹനീഫ, കെ.എം അബ്ദുൽ മനാഫ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |