കോഴിക്കോട്: ഉത്സവസമയങ്ങളിലെ പതിവ് വിലക്കയറ്റം ഇല്ലാത്തതിനാൽ ഇത്തവണത്തെ സദ്യയ്ക്ക് സ്വാദേറും. വേനൽമഴയും കൃഷിനാശവുമൊന്നും വിപണിയെ വലിയ തോതിൽ ബാധിച്ചിട്ടില്ല. അതിനാൽ വിലയിൽ വർദ്ധനവില്ലാത്തതിന്റെ ആശ്വാസത്തിലാണ് പച്ചക്കറി വാങ്ങാനെത്തുന്നവർ. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും വരവ് കൂടിയതും വിലവർദ്ധനയെ പിടിച്ചുകെട്ടാൻ സഹായിച്ചിട്ടുണ്ടെെന്ന് പാളയം മാർക്കറ്റിലെ വ്യാപാരികളും പറഞ്ഞു. പതിവുപോലെ നാടൻ കണിവെള്ളരിക്കാണ് പ്രിയം കൂടുതൽ. ജില്ലയിൽ കുടുംബശ്രീയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ വ്യാപകമായി കണിവെള്ളരി കൃഷി നടത്തിയിരുന്നു. കിലോയ്ക്ക് 50 രൂപയാണ് ഇന്നലെ കണിവെള്ളരിയുടെ വില. വില കൂടിയത് പയറിനും പാവയ്ക്കയ്ക്കും മാത്രമാണ് താരതമ്യേന വില കൂടിയത്. കിലോയ്ക്ക് യഥാക്രമം 70, 60 രൂപയാണ്. ഇന്ന് അവിയൽ, സാമ്പാർ കിറ്റുകളുമായി വഴിയോരക്കച്ചവടക്കാരും സജീവമാകും.
വിലവിവരം (കി)
പയർ- 70 രൂപ
പാവയ്ക്ക - 60 രൂപ
വെണ്ടയ്ക്ക- 42 രൂപ
കണിവെള്ളരി- 55 രൂപ
വെള്ളരി - 16 രൂപ
കാരറ്റ്- 35 രൂപ
ബീറ്റ്‌റൂട്ട്- 40 രൂപ
ചേന - 56 രൂപ
തക്കാളി- 15 രൂപ
മത്തൻ- 14 രൂപ
വഴുതന - 35 രൂപ
പടവലം- 30 രൂപ
മുരിങ്ങ- 25 രൂപ
സവാള- 22 രൂപ
ചെറിയ ഉള്ളി- 44 രൂപ
പച്ചമുളക് - 25 രൂപ
കാബേജ് - 15 രൂപ
ഉരുളക്കിഴങ്ങ് - 27 രൂപ
''കഴിഞ്ഞ കാലങ്ങളിലെല്ലാം ഉത്സവസീസണിൽ പച്ചക്കറിയ്ക്ക് വിലക്കയറ്റം ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പോൾ സാധനങ്ങൾക്ക് ക്ഷാമമില്ല. വില കൂടാത്തതിനാൽ എല്ലാവരും ആവശ്യത്തിന് സാധനങ്ങൾ വാങ്ങും. ചില്ലറക്കച്ചവടക്കാരും സ്റ്റോക്ക് എടുത്ത് തുടങ്ങിയിട്ടുണ്ട്.
ധനേഷ് , വ്യാപാരി, പാളയം മാർക്കറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |