പത്തനംതിട്ട : കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനും പടേനിക്കും
14ന് ചൂട്ടുവയ്പ്പോടെ തുടക്കമാകും. രാത്രി ഒൻപത് കഴിഞ്ഞ് പടേനി ആചാര്യൻ ബി.കെ.ഉണ്ണികൃഷ്ണൻനമ്പൂതിരി ചൂട്ടുകറ്റയിൽ പകർന്നുനൽകുന്ന അഗ്നി ഏറ്റുവാങ്ങി പടേനികളത്തിലെ ചൂട്ടകല്ലിൽ വയ്ക്കും. പച്ചത്തപ്പ് കൊട്ടി ഭഗവതിയെ വിളിച്ചിറക്കിയശേഷം ഐക്കാട്ട് കുടുംബ കാരണവർ നാളികേരം മുറിച്ച് തുളസിയിലയും അക്ഷതവും ഇട്ട് പത്തുനാൾ നീളുന്ന പടേനിയുടെ രാശി ഫലം അറിയിക്കും. ഇതോടെ കടമ്മനിട്ട പടയണിക്ക് തുടക്കമാകും. 15ന് പച്ചത്തപ്പ് കൊട്ടി വിളിച്ചിറക്ക് നടക്കും. 16 മുതൽ കാച്ചിക്കൊട്ടോടുകൂടി പടേനി ആരംഭിക്കും.
19ന് അടവിയോടുകൂടിയാണ് ചടങ്ങുകൾ. 21നാണ് കടമ്മനിട്ട വല്ല്യപടേനി. പിറ്റേന്ന് രാവിലെ സൂര്യോദയം കണ്ട ശേഷമെ പടേനി ചടങ്ങുകൾ സമാപിക്കുകയുള്ളൂ. പുലർച്ചെ മംഗളഭൈരവി തുള്ളി പൂപ്പട വാരി കരവഞ്ചി ഇറക്കിയശേഷം തട്ടുമ്മേൽ കളിയോടെ പടേനി സമാപിക്കും. ഒൻപതാം ദിവസം ചടങ്ങുകൾ ഉണ്ടാവില്ല.
23 ന് പത്താമുദയ മഹോത്സവം നടക്കും. അന്ന് രാവിലെ പത്തുമണി മുതൽ പകൽ പടേനി നടക്കും. വൈകിട്ട് നാലിന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. പടേനി ഗ്രാമത്തിലെ ചിറ മുടിയിൽ കൽമണ്ഡപത്തിൽ ഭഗവതിയെ ജീവിതയിൽ ഇറക്കിവച്ച് പൂജ നടത്തും. തുടർന്ന് ഋഷികേശക്ഷേത്രം സന്ദർശിച്ച് വേക്കൽപടി വരെ എഴുന്നള്ളി ക്ഷേത്രത്തിൽ തിരിച്ചെത്തും. വൈകിട്ട് 6.30ന് ദീപാരാധന, രാത്രി ഒൻപതിന് കളമെഴുതിപ്പാട്ട്, 10.45ന് തിരുമുമ്പിൽ വേലകളിയോടെ വിളക്കെഴുന്നള്ളത്ത് എന്നിവ നടക്കും. ആപ്പിണ്ടിയും, താലപ്പൊലിയും വിളക്കെഴുന്നള്ളത്തിന് അകമ്പടി ഉണ്ടാകും. എഴുന്നള്ളത്തിനുശേഷം, ഒന്നാം ദിവസം ശ്രീകോവിലിൽനിന്ന് വിളിച്ച് ഇറക്കിയ ഭഗവതിയെ കൊട്ടിക്കയറ്റുന്ന ചടങ്ങാണ്. അതോടെ പത്തുനാൾ നീണ്ട പടേനി
സമാപിക്കും.
എട്ടാം ദിവസം7.15 ന് സാംസ്കാരികസമ്മേളനവും പുരസ്കാര സമർപ്പണവും നടക്കും. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.സുരേഷ് സോമ , ആർ.പ്രസന്നകുമാർ എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ കെ.പുരുഷോത്തമൻ പിള്ള, വി.ബി ഓമനക്കുട്ടൻ നായർ, എം.ജി രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |