തൃശൂർ: ബി.ജെ.പി ജില്ലാ ഭാരവാഹികളെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. ഇന്നലെ ജില്ലയിലെ മൂന്നു പ്രസിഡന്റുമാരുമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ജില്ലയുടെ ചാർജുള്ള ജനറൽ സെക്രട്ടറി അഡ്വ.പി.സുധീറും ചർച്ച നടത്തി. ജനറൽ സെക്രട്ടറിമാരാവാൻ ശക്തമായ ചരടുവലികളാണ് ജില്ലയിൽ നടന്നത്. എന്നാൽ, വിവിധ ഗ്രൂപ്പുകൾ നൽകിയ ലിസ്റ്റുകൾ അപ്പാടെ അംഗീകരിച്ചില്ലെന്നാണ് അറിവ്. തൃശൂർ സിറ്റി, തൃശൂർ നോർത്ത്, സൗത്ത് ജില്ലാ പ്രസിഡന്റുമാരായ ജസ്റ്റിൻ ജേക്കബ്, നിവേദിത സുബ്രഹ്മണ്യൻ, എ.ആർ.ശ്രീകുമാർ എന്നിവരാണ് ഇന്നലെ സംസ്ഥാന പ്രസിഡന്റുമായി ചർച്ച നടത്തി അംഗീകാരം നേടിയത്.
ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കും. എതാനും ദിവസം മുമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ എത്തി ജില്ലയിലെ നേതാക്കളിൽ നിന്ന് അഭിപ്രായം വാങ്ങിയിരുന്നു. ജില്ലയിൽ നാഗേഷ്, അനീഷ് പക്ഷങ്ങൾ വ്യത്യസ്ത ലിസ്റ്റുകളാണ് കൈമാറിയിക്കുന്നത്. ഇത്തവണ മൂന്നു ജനറൽ സെക്രട്ടറിമാരാണ്. ഇതിൽ ഒരു വനിതയും ഉൾപ്പെടും. സിറ്റിയിൽ നാഗേഷ് പക്ഷം സുരേന്ദ്രൻ ഐനിക്കുന്നത്ത്, പൂർണിമ സുരേഷ്, പി.കെ.ബാബു എന്നിവരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. അനീഷ് കുമാർ പക്ഷം കെ.ആർ.ഹരി, എൻ.ആർ.റോഷൻ, ഡോ. വി.ആതിര എന്നിവരുടെ പേരുകളം നൽകിയിട്ടുണ്ട്. ഇതിനിടെ സംഘടന തിരഞ്ഞെടുപ്പിന് മുമ്പ് അനീഷ് കുമാർ പക്ഷത്തായിരുന്ന ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് തൃശൂർ നോർത്തിൽ ഉൾപ്പെടുന്ന അനീഷ് ഇയ്യാലിനെ ജനറൽ സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യം നേതൃത്വത്തിന് മുന്നിൽ ഉയർത്തിയതായി പറയുന്നു. നോർത്ത് ജില്ലയിൽ ഐ.എം.രാജേഷ്, നിത്യാസാഗർ, കവിത രാമചന്ദ്രൻ, ഉല്ലാസ് ബാബു എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്. സൗത്ത് ജില്ലയിൽ കെ.പി.ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട എന്നിവർക്ക് സാദ്ധ്യത പറയുന്നു. സ്ഥാനം ഉറപ്പിക്കുന്നതിനായി ശക്തമായ ചരടുവലികളാണ് നടന്നു വരുന്നത്. ദേശീയ നേതാക്കൾ വഴിയും സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |