കൊല്ലം: സീസൺ കഴിഞ്ഞു, മടക്കയാത്രയ്ക്കൊരുങ്ങി തെന്മലയിലെ ദേശാടനപ്പക്ഷികൾ. അതിർത്തികൾ താണ്ടിയെത്തിയവർ കൂടൊരുക്കി അടയിരുന്ന് വിരിയിച്ച കുഞ്ഞുങ്ങളുമായിട്ടാണ് മടക്കം. വന്നവരിൽ മുക്കാൽ ഭാഗവും മടങ്ങി. ഒന്നിച്ചുവന്നവർ ഒന്നിച്ചുമടങ്ങാറാണ് പതിവ്. എന്നാൽ തെന്മല പരപ്പാർ ഡാം മേഖലയിൽ ദേശാടനപ്പക്ഷികൾ ചിറകടിച്ച് പറന്നും, മീൻ കൊത്തിക്കഴിച്ചും പോകാൻ മടിച്ചുനിൽക്കുന്നവരുണ്ട്. തെന്മല പരപ്പാർ ഡാം ഭാഗത്ത് പതിവായി ഹിമാലയൻ മേഖലയിൽ നിന്നുമെത്തുന്നത് പുഴയാള (റിവർ ടേൻ) പക്ഷികളാണ്. മീവൽക്കാട (സ്മാൾ പാർട്ടിൻകോൾ) എന്ന ഇനം പക്ഷികളുമെത്താറുണ്ട്. ഡിസംബറിലാണ് ശെന്തുരുണി വനമേഖലയിലേക്ക് ഇവ പറന്നെത്തുക. വഴിയും കാലവും തെറ്റാറില്ല. എഴുപത്തിരണ്ട് പക്ഷികൾ വീതമുള്ള കൂട്ടങ്ങളായിട്ടാണ് പറക്കുക. ആകാശത്തുകൂടി മേഘങ്ങൾ ഒഴുകുന്നപോലെ ദൂരക്കാഴ്ചയ്ക്ക് തോന്നും. ഏപ്രിൽ, മേയ് മാസങ്ങളിലാണ് തിരിച്ചുപോക്ക് തുടങ്ങുക. മേയ് രണ്ടാം വാരത്തോടെ ഇവിടെയെത്തിയ ദേശാടനക്കിളികൾ പൂർണമായും ഹിമാലയത്തിലേക്ക് തിരികെ മടങ്ങും.
കൂടൊരുക്കി മുട്ടയിടും
കൊടും തണുപ്പിൽ നിന്ന് മാറിനിൽക്കാനും ഭക്ഷണത്തിനും പ്രജനനത്തിനുമായി തണുപ്പ് കുറഞ്ഞ പ്രദേശങ്ങളിലേക്കാണ് പക്ഷികൾ ദേശാടനം നടത്തുന്നത്. തെന്മല, അച്ചൻകോവിൽ, ആര്യങ്കാവ്, അരിപ്പ വനമേഖലകളിൽ പക്ഷികൾ കാലംതെറ്റാതെ എത്താറുണ്ട്. പുഴകളുമായി ബന്ധപ്പെട്ടാണ് ഇവ തങ്ങുന്നത്. അതുകൊണ്ടാണ് പുഴയാളയെന്ന പേര് ലഭിച്ചത്. തെന്മല പരപ്പാർ ഡാമിലെ മത്സ്യങ്ങളാണ് ദേശാടനക്കിളികളുടെ പ്രധാന ആഹാരം. മറ്റ് ജലജീവികളെയും ഭക്ഷിക്കും. തുരുത്തുകളിൽ നിലത്ത് കൂടൊരുക്കി താമസിക്കും. മണലിലോ കല്ലുകൾക്കിടയിലോ മുട്ടയിടും. മുട്ടകൾക്ക് പച്ചയും ചാരയും ചേർന്ന നിറമാണ്, ചിലതിന് മങ്ങിയ വെള്ള നിറവും. തവിട്ടുനിറമുള്ള വരകളും കുത്തുകളും പുറംതോടിനുണ്ടാകും. തിളച്ച വെയിൽച്ചൂടിലാണ് മുട്ടകൾ വിരിയുന്നത്. കുഞ്ഞുങ്ങൾ പറക്കാൻ പ്രാപ്തരാകുന്നതോടെ മടക്കയാത്രയ്ക്ക് ഒരുക്കം തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |