ഫോർട്ട്കൊച്ചി: സൗത്ത് കടപ്പുറത്ത് കൂറ്റൻ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സമീപത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും കേടുപാടുണ്ട്.
ഇന്നലെ രാവിലെ 9.15 ഓടെയാണ് സംഭവം. അഷറഫ്,ജോൺസൻ,ജോസഫ് ആൽവിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിൽ പരിക്ക് ഗുരുതരമായ ജോൺസനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ജോൺസന്റെ വാരിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. മറ്റ് രണ്ട് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. പരിക്കേറ്റ മൂന്ന് പേരും ബീച്ച് ഹെൽത്ത് ക്ളബ് അംഗങ്ങളാണ്. ഞായറാഴ്ചയായതിനാൽ ബീച്ച് ഹെൽത്ത് ക്ളബ്ബിൽ വ്യായാമത്തിനായി നിരവധി പേർ എത്തിയിരുന്നു.
വ്യായാമം കഴിഞ്ഞ ശേഷം വിശ്രമിക്കുമ്പോഴാണ് വലിയ ശബ്ദത്തോടെ വൃക്ഷ ശിഖരം ഒടിഞ്ഞ് വീഴുന്നത്. ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണ ശേഷമാണ് ശിഖരം ആളുകൾക്ക് മേൽ പതിച്ചത്. അതിനാൽ വീഴ്ചയുടെ ആഘാതം അല്പം കുറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു.
ഇന്നലെ പുലർച്ചെ പെയ്ത മഴയെ തുടർന്നാണ് ശിഖരം ഒടിഞ്ഞ് വീണത്.ഇത്തരത്തിൽ അപകടാവസ്ഥയിലായ നിരവധി വൃക്ഷ ശിഖരങ്ങൾ ഇവിടെയുണ്ട്.ഇവയെല്ലാം വെട്ടി നീക്കണമെന്നാണ് സഞ്ചാരികളുടെയും നാട്ടുകാരുടെയും ആവശ്യം ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |