പാലോട്: ജൈവകൃഷിക്ക് വേറിട്ട മാതൃകയും പ്രവർത്തനങ്ങളും കൊണ്ടുവന്ന് ജില്ലയിൽ തുടർച്ചയായി ജൈവകൃഷിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. കൂടാതെ പെരിങ്ങമ്മല,ആനാട് നന്ദിയോട് എന്നീ പഞ്ചായത്തുകളിലെ കൃഷിരീതിയും എടുത്തു പറയേണ്ടതാണ്. എന്നാൽ
വന്യമൃഗശല്യം കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമായി തുടരുകയാണ്. സന്ധ്യയായാൽ കൃഷിയിടങ്ങളിൽ കാട്ടുപന്നി, ആന, മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ കേന്ദ്രമാവും. വിളകലെല്ലാം ഇവർ ചവിട്ടിമെതിക്കും. കൃഷിയിടത്തിലിറങ്ങുന്ന പന്നിക്കൂട്ടം റബ്ബർ, വാഴ, മരിച്ചീനി, പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെ മടങ്ങൂ. പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്.
ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിലെത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽപ്പെടുന്നത്.
ജനങ്ങൾ ഭയപ്പാടിൽ
ഭക്ഷണം തേടി നാട്ടിലേക്കെത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്. കാലൻകാവ്, നാഗര, ഓട്ടുപാലം, പച്ച, വട്ടപ്പൻകാട്, കരിമ്പിൻകാല, സെന്റ് മേരീസ്, ഇടവം, പേരയം, ആനകുളം, തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പോലും പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഭയപ്പാടിലാണ്. ഇവിടെ അറവുമാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികൾ എത്തുന്നത് പതിവാണ്.
അറവ്മാലിന്യം പൊതുസ്ഥലങ്ങളിൽ
നന്ദിയോട് വിതുര റൂട്ടിൽ നവോദയ സ്കൂളിന് സമീപവും വലിയ താന്നിമൂട് വളവിലും, മൈലമൂട് റൂട്ടിലും, നാഗരയിലും അറവുമാലിന്യം സാമൂഹികവിരുദ്ധർ തള്ളുന്നതിനാൽ പന്നികൾ കൂട്ടത്തോടെയാണ് ഇവിടെയെത്തുന്നത്. പന്നി ശല്യത്തിന് പുറമേ കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്. അറവ്മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പന്നികൾ ഇവിടെ തമ്പടിച്ചത്. പൊതുസ്ഥലങ്ങളിൽ അറവ്മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ പറയാൻ തുടങ്ങിയിച്ച് കാലങ്ങളായി.
പെരിങ്ങമ്മലയിലെ പാടശേഖരത്തിൽ 8 ഏക്കർ സ്ഥലത്ത് 45 കർഷകർ ചേർന്നാണ് നെൽക്കൃഷി ആരംഭിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ച് ഫെൻസിംഗ് നിർമ്മിച്ചിട്ടും പന്നി ശല്യത്തിന് അറുതി വരുത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |