നീലേശ്വരം: മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആദ്യ വാതക ശ്മശാനം യാഥാർത്ഥ്യമാകുന്നു. എരിക്കുളത്തെ നിലവിലുള്ള പൊതു ശ്മശാനത്തോട് ചേർന്ന് ഒരു ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വാതക ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഇനി ഏതാനും അറ്റകുറ്റപ്പണികളും പൂന്തോട്ടത്തിന്റെ നിർമ്മാണവും മാത്രമാണ് ബാക്കിയുള്ളത്. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷവും മുടക്കിയാണ് ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒരു ലക്ഷത്തോളം രൂപമുടക്കി പൂന്തോട്ടത്തിന്റെ നിർമ്മാണവും ഗ്രാമ പഞ്ചായത്ത് തന്നെ പൂർത്തീകരിക്കും. പഞ്ചായത്തിൽ മറ്റെങ്ങും പൊതുശ്മശാനം ഇല്ലാത്തതിനാൽ മൃതദേഹം സംസ്കരിക്കുന്നതിനായി ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പഞ്ചായത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി എരിക്കുളത്തെ വാതക ശ്മശാനം യാഥാർത്ഥ്യമാകുന്നതോടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കപ്പെടും. വാതകശ്മശാനത്തിന്റെ ഉദ്ഘാടനം മന്ത്രിമാരുടെ തീയതി ലഭിക്കുന്ന മുറക്ക് ഉടൻ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |