തൃക്കരിപ്പൂർ: വേനലവധി ആരംഭിച്ചതോടെ വിനോദ സഞ്ചാരികൾക്ക് കായൽ ടൂറിസം ഹരമാകുന്നു. കവ്വായി കായലിനെയും അതിലൂടെയുള്ള ഹൗസ് ബോട്ട് സർവ്വീസിനെയും ആശ്രയിച്ചുള്ള വിനോദയാത്രക്ക് തിരക്കേറുകയാണ്. രാവിലെ മുതൽ വൈകീട്ടു വരെ ഇത്തരത്തിൽ വിനോദ സഞ്ചാരികളെയും വഹിച്ചുള്ള പുരവഞ്ചികളുടെ യാത്ര കവ്വായി കായലിലെ സ്ഥിരം കാഴ്ചയായി മാറി.
രാവിലെ മുതൽ അസ്തമയം വരെ കായലോരകാഴ്ചയുമായി ആടിയും പാടിയും ഇഷ്ടഭക്ഷണവും കഴിച്ച് ഓളപ്പരപ്പിലൂടെയുള്ള ഉല്ലാസ യാത്രയ്ക്ക് താങ്ങാൻ പറ്റുന്ന തുക മാത്രമെ ചെലവ് വരുന്നുള്ളൂവെന്നതാണ് ആകർഷക ഘടകം. ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ കായൽ ടൂറിസത്തിന് ഊർജ്ജം പകർന്നുകൊണ്ട് വിദ്യാർത്ഥികളടക്കമുള്ള സംഘങ്ങൾ കായൽ സൗന്ദര്യമാസ്വദിക്കാനെത്തുന്നത് മേഖലക്ക് കരുത്തുപകരുന്നതാണ്.
അച്ചാംതുരുത്തി പാലത്തിന് സമീപമുള്ള കോട്ടപ്പുറം ബോട്ട് ടെർമിനലിൽ നിന്നാണ് ഹൗസ് ബോട്ടുകളെ നിയന്ത്രിക്കുന്നതും സർവ്വീസ് നടത്തുന്നതും. ഏകദേശം മുപ്പതിലേറെ സ്വകാര്യ സംരംഭകർ ഈ മേഖലയിൽ സജീവമാണ്. അതോടൊപ്പം വലിയ പറമ്പ, വെള്ളാപ്പ് കേന്ദ്രീകരിച്ചും സർവ്വിസുണ്ട്. നൂറിലേറെ പേരെ വഹിക്കുന്ന കൂറ്റൻ ഡബിൾ ഡക്കർ പുരവഞ്ചിയും ലഭ്യമാണ്.
ഒരാൾക്ക് 800 രൂപ
രാവിലെ മുതൽ വൈകീട്ടു വരെ ഒരാൾക്ക് യാത്ര ചെയ്യാൻ 800 രൂപയാണ് ഈടാക്കുന്നത്. രാവിലെ പ്രാതൽ, ഉച്ചക്ക് ഇഷ്ടമുള്ള ഭക്ഷണം, വൈകിട്ട് ചായയും ലൈറ്റ് ഫുഡും അടക്കമാണിത്. അതോടൊപ്പം സംഘത്തിന്റെ സംഖ്യാബലം മുപ്പതിന് മുകളിലാണെങ്കിൽ എണ്ണത്തിന്നനുസരിച്ച് ഫീസിൽ ഇളവും ലഭിക്കും. സീസണായതിനാൽ നേരത്തെ ബുക്കു ചെയ്താൽ മാത്രമെ യാത്രാ സൗകര്യം ലഭിക്കുകയുള്ളൂ.
കാണാം... ഇതൊക്കെ
കല്ലുമ്മക്കായ കൃഷി, അഴിമുഖം, കേരനിബിഡമായ പുഴയോരം, ഏഴിമലയുടെ ദൃശ്യഭംഗി, സൺസെറ്റ്, കായലിലവിടവിടെയായി ചിതറിയ രീതിയിലുള്ള ദ്വീപുകൾ, മാടക്കാൽ പുഴയിലെ കണ്ടൽകാടുകൾ, കുരുപ്പിന്റെ മാട് (പണ്ട് കാലത്ത് വസൂരി രോഗികളെ ഉപേക്ഷിച്ച ദ്വീപ്) തുടങ്ങിയവ ഈ യാത്രയിൽ നേരിട്ടാസ്വദിക്കാൻ കഴിയുമെന്നതാണ് ഇവിടത്തെ കായൽ ടൂറിസത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |