ശിവഗിരി : ഒരാഴ്ചക്കാലമായി ശിവഗിരിയിൽ നടന്നുവന്ന കുട്ടികളുടെ അവധിക്കാല പഠനക്യാമ്പ് സമാപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. സമാപന ക്ലാസുകൾക്ക് നേതൃത്വം നല്‍കിയത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷററും ശിവഗിരി സ്കൂളുകളുടെ മാനേജറുമായ സ്വാമി വിശാലാനന്ദയും സ്വാമി ജ്ഞാനതീർത്ഥയുമായിരുന്നു.
ഗുരുദേവനെയും ഗുരുദർശനത്തേയും ശിവഗിരി മഠത്തെയും ഗുരുദേവന്റെ സന്ന്യസ്ഥ ശിഷ്യന്മാരെയും ഏറെ അറിഞ്ഞതിനൊപ്പം നല്ലൊരു പൗരനാകാൻ ആവശ്യമായ ഉപദേശങ്ങളും സ്വായത്തമാക്കിയാണ് വിദ്യാർത്ഥികൾ മടങ്ങിയത്. . പഠനത്തിനും സഹവാസത്തിനും ശേഷം ശിവഗിരിയിൽ നിന്നും വിട്ടു പോകാൻ വിദ്യാർത്ഥികൾ ഏറെ വിഷമം നേരിട്ടത് ഗുരുശിഷ്യ ബന്ധത്തിന്റെ കരുത്താർന്ന നേർക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു . കൂട്ടിക്കൊണ്ടു പോകാനെത്തിയ മാതാപിതാക്കളും തങ്ങളുടെ മക്കൾ നേടിയ അറിവിൽ സന്തുഷ്ടരായി. ക്യാമ്പ് ഡയറക്ടറും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷററുമായ സ്വാമി ശാരദാനന്ദ , ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ശിവസരൂപാനന്ദ എന്നിവരുടെ നേതൃത്വത്തിൽ എം.എച്ച്. ഹരിപ്രസാദ്, ബിന്ദു മുരളീധരൻ, മാതൃസഭാ സെക്രട്ടറി ശ്രീജ തുടങ്ങിയവർ ഒരാഴ്ചക്കാലം ക്യാമ്പിലെ വിദ്യാർത്ഥികൾക്കാവശ്യമായ പരിചരണങ്ങൾ നല്‍കി. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ക്ലാസുകൾ നയിച്ചു.
ഫോട്ടോ: ശിവഗിരിയിൽ അവധിക്കാല പഠന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ശാരദാ മഠത്തിന് സമീപം സ്വാമി വിശാലാനന്ദയ്ക്കും സ്വാമി ജ്ഞാനതീർത്ഥയ്ക്കുമൊപ്പം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |