കൊല്ലം: പുറത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ കയറിയാല്‍ സാധനങ്ങള്‍ക്കെല്ലാം തീപിടിച്ച വിലയാണ്. ഒരു വടയും ചായയും കഴിക്കണമെങ്കില്‍ പോലും കുറഞ്ഞത് 20 രൂപ മുതല്‍ മുകളിലോട്ടാണ് ബില്ല് വരുന്നത്. പലപ്പോഴും യാത്രകളിലും ജോലി തിരിക്കിലും വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ ആളുകള്‍ക്ക് സമയം കിട്ടാറില്ല. അതുകൊണ്ട് തന്നെ കാശ് നോക്കാതെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണത്തെ ആശ്രയിക്കുകയേ മാര്‍ഗമുള്ളൂ.
എന്നാല്‍ വെറും പത്ത് രൂപ നല്‍കിയാല്‍ നാല് ഇഡലിയും സാമ്പാറും കിട്ടിയാലോ? എങ്ങനെ എവിടെ നിന്ന് എന്നല്ലേ? സംഭവം സംസ്ഥാനത്തെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതിയാണ്. വെറും പത്ത് രൂപ മുടക്കിയാല്‍ നാല് ഇഡലിയോ അല്ലെങ്കില്‍ ദോശയോ കഴിക്കാം. കറിയായി നല്ല ഉഗ്രന്‍ സാമ്പാറും വിളമ്പും. കൊല്ലം കോര്‍പ്പറേഷനാണ് 'ഗുഡ് മോണിംഗ് കൊല്ലം' എന്ന പേരില്‍ ഈ പദ്ധതി അവതരിപ്പിക്കുന്നത്. പ്രഭാത ഭക്ഷണ വിതരണ കൗണ്ടറിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച വിഷു ദിനം മുതല്‍ ആരംഭിച്ചിട്ടുണ്ട്. കൊല്ലം നഗരത്തിലെ ചിന്നക്കടയിലാണ് പ്രഭാത ഭക്ഷണ വിതരണ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സംഭവം ഒരു വന്‍ ഹിറ്റാകുമെന്നും ജനങ്ങള്‍ ഏറ്റെടുക്കും എന്നുമാണ് നഗരസഭ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ചെലവ് 20 ലക്ഷം രൂപ
നഗരത്തിലെത്തുന്നവര്‍ക്ക് പ്രഭാതഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഗുഡ്‌മോണിങ് കൊല്ലം' എന്ന പദ്ധതി കൊല്ലം കോര്‍പ്പറേഷന്‍ തുടക്കമിടുന്നത്. ഇതിനായി 20 ലക്ഷം രൂപ ബജറ്റിലും വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് ഭക്ഷണം തയ്യാറാക്കുന്നത്. - -എസ്.ജയന്‍, ഡെപ്യൂട്ടി മേയര്‍
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |