പട്ടാമ്പി: കഴിഞ്ഞ 65 വർഷമായി ചാലിശ്ശേരിയിലെയും പരിസര പഞ്ചായത്തുകളിലെയും സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന മുട്ടിപ്പാലം ഓർമ്മയാവുന്നു. ഒറ്റപ്പിലാവിലെ ഗ്രാമീണർക്ക് ചാലിശ്ശേരി ഹൈസ്‌കൂളിലേക്കും പള്ളി സ്‌കൂളിലേക്കും അങ്ങാടിയിലേക്കും വേഗത്തിൽ എത്തണമെങ്കിൽ മുട്ടിപ്പാലം കടന്ന് വരികയായിരുന്നു എളുപ്പ മാർഗം. പഴമക്കാരുടെ ഗൃഹാതുരത്വം തുളുമ്പുന്ന മുട്ടിപ്പാലം വിസ്മൃതിയിലാവുകയാണ്. 1961ലാണ് മുട്ടിപ്പാലത്തിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായത്. എടവപ്പാതി പിറന്നാൽ അഞ്ചുകള്ളി ഓവിലൂടെ തോട്ടുജലം നിറഞ്ഞൊഴുകുന്നത് കാണാൻ വിനോദ സഞ്ചാരികൾ പോലും ഇവിടെ എത്തുമായിരുന്നു. നാടൻ ഏറ്റുമീനുകളെ പിടിക്കാനും സമൃദ്ധിയായ പുഴപോലെ ഒഴുകുന്ന വെള്ളമൊഴുക്ക് കാണാനും ഏറെ രസകരമായ അനുഭവമായിരുന്നുവെന്ന് ഇവിടുത്തെ പഴയകാല കർഷകനായ സതീശൻ പറയുന്നു. പാലം വരുന്നതിനു മുമ്പ് തോടിനു കുറുകെ വലിയ മരത്തിന്റെ മുട്ടിയും പനയുടെ മെതിയും ചേർത്ത് വെച്ചാണ് യാത്രക്കാർ ഇരുവശത്തേക്കും പോയിരുന്നത്. മരത്തിന്റെയും പനയുടെയും മുട്ടികൾ ഇതിനായി കർഷകർ ഉപയോഗിച്ചിരുന്നു.
ഇവിടുത്തെ കൃഷിക്കാരുടെ കുട്ടിക്കാലവും യുവത്വവുമെല്ലാം ഏറെ ചിലവഴിച്ചതും ഈ പാലത്തോട് ബന്ധപ്പെട്ട് തന്നെയാണെന്ന് കർഷകനായ വി.പി.ബാവയും പറയുന്നു. 400 ഏക്കർ പാടശേഖരത്തിന് മുട്ടിപ്പാലത്തിന്റെ പുനർ നിർമ്മാണത്തിൽ കർഷകർക്ക് വലിയ പ്രതീക്ഷയാണുളളതെന്നും ദീർഘകാലത്തെ ആഗ്രഹമാണ് നിറവേറുന്നതെന്നും യുവ കർഷകൻ സതീഷ് കുമാർ പറഞ്ഞു. ജനസഞ്ചയന പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി ചിലവഴിച്ചാണ് പാലം പുതിയ രീതിയിൽ നിർമ്മിക്കുന്നതന്ന് പഞ്ചായത്തംഗം ഫസലുറഹ്മാൻ പറഞ്ഞു. പുതിയ പാലത്തിൽ ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ കടവല്ലൂർ, ചാലിശ്ശേരി പഞ്ചായത്തതിർത്തിയിലെ നെൽ കർഷകർക്ക് മുട്ടിപ്പാലം വലിയൊരനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |