വാടാനപ്പിള്ളി : ഫേസ്ബുക്ക് വഴി വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് പണം തട്ടുന്ന സംഘം തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.സുരേന്ദ്രന്റെ പേരിൽ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചത് അഞ്ച് തവണ. സൈബർ സെല്ലിൽ പരാതി നൽകി വ്യാജന്മാരെ പൂട്ടാൻ ഒരുങ്ങുകയാണ് സുരേന്ദ്രൻ.
ഒടുവിൽ സുരേന്ദ്രൻ മങ്ങാട്ട് എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ ശേഷം സുരേന്ദ്രനുമായി അടുപ്പമില്ലാത്ത ആളുകളുടെ മെസഞ്ചറിലേക്കാണ് വ്യാജന്മാർ സന്ദേശം അയക്കുന്നത്. സി.ആർ.പി.എഫിൽ ജോലി ചെയ്യുന്ന സുഹൃത്ത് സന്തോഷ് കുമാർ സ്ഥലം മാറിപ്പോകുന്നതിനാൽ അദ്ദേഹത്തിന്റെ കൈവശമുള്ള ഫർണിച്ചറുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നും ബോധിപ്പിക്കുന്നു.
സന്ദേശത്തിന് മറുപടി നൽകിയാൽ സന്തോഷ്ജി എന്ന് പറഞ്ഞ് ഒരാൾ ഹിന്ദിയിൽ വിളിക്കും. തുടർന്ന് അഡ്വാൻസായി 5000 മുതൽ പതിനായിരം രൂപ വരെ ആവശ്യപ്പെടും. പന്തികേട് തോന്നുന്നതോടെയാണ് പലരും സുരേന്ദ്രനെ വിളിച്ച് ഇക്കാര്യം ചോദിക്കുന്നത്. വായ്പ ചോദിക്കുന്നത് പോലെ 12,000 രൂപ വരെ ചോദിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഒരു സുഹൃത്ത് ഇപ്രകാരം 40,000 രൂപ അയച്ചു കൊടുക്കുകയും പിന്നീട് പൊലീസിൽ പരാതിപ്പെട്ട് പണം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലും വ്യാജ പ്രൊഫൈലുണ്ടാക്കി പണം ആവശ്യപ്പെട്ടു തുടങ്ങിയതായി പറയുന്നു. സുരേന്ദ്രന്റെ ഭാര്യയുടെ പേരിലും വ്യാജ പ്രൊഫൈലുണ്ട്.
വിടാതെ പിന്തുടർന്ന് സംഘം
സുരേന്ദ്രൻ കോഴിക്കോട് ക്രൈംബ്രാഞ്ചിൽ ജോലി ചെയ്യുന്ന സമയം മുതൽ സൈബർ തട്ടിപ്പുകാർ വിടാതെ പിന്തുടരുന്നുണ്ട്. ഏതാണ്ട് രണ്ട് വർഷത്തിനുള്ളിൽ അഞ്ച് തവണയാണ് സുരേന്ദ്രന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമ്മിച്ചത്. തൃശൂർ ക്രൈംബ്രാഞ്ചിലെ ഡിവൈ.എസ്.പിയാണ് ഇപ്പോളിദ്ദേഹം. പണം ആവശ്യപ്പെട്ട് സുരേന്ദ്രന്റെ പേരിൽ പല സുഹൃത്തുക്കൾക്കും സന്ദേശമെത്തുന്നത് പതിവായ സാഹചര്യത്തിൽ ഉറവിടം അന്വേഷിച്ച് ഇറങ്ങുകയാണ് സുരേന്ദ്രൻ. മുൻപൊക്കെ വ്യാജ പ്രൊഫൈൽ വരുമ്പോൾ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ സുരേന്ദ്രൻ ഇക്കാര്യം അറിയിക്കും. അതിനാൽ തുടർ നടപടികളിലേക്ക് പോയിരുന്നില്ല. എന്നാൽ ഇവർ ഇപ്പോഴും വിടാതെ പിന്തുടരുന്നതാണ് നിയമനടപടിയിലേക്ക് കടക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്.
തട്ടിപ്പ് ഇങ്ങനെ
വീട് മാറുന്നുവെന്ന വ്യാജേന മരഉരുപ്പടി വിൽപ്പന
5000 -10,000 രൂപ വരെ അഡ്വാൻസ്
വായ്പയായി 12,000 രൂപയ്ക്കും അഭ്യർത്ഥന
പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |