തൃശൂർ: കഴിഞ്ഞ ഡിസംബറിൽ പെയ്ത മഴയിൽ കോൾപ്പാടത്ത് നെല്ലുത്പാദനം കുറഞ്ഞതിന് പിന്നാലെ കൊയ്ത്തിനിടെ പെയ്ത മഴയും കർഷകരെ ദുരിതത്തിലാക്കുന്നു. ഇന്നലെ രാത്രി മഴ പെയ്തതോടെ കൊയ്ത്ത് പൂർണ്ണമായും നിറുത്തിവെച്ചു. ഏറ്റവും വലിയ കോൾപ്പാടങ്ങളിലൊന്നായ പുല്ലഴിയിൽ ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുണ്ട്. അതേസമയം, ഈർപ്പമുണ്ടെന്ന് ആരോപിച്ച് സ്വകാര്യമില്ലുകാർ നെല്ല് കയറ്റികൊണ്ടുപോകുന്നില്ലെന്നും പറയുന്നു. നെല്ല് ഉണക്കി വേണം വീണ്ടും കയറ്റിവിടാൻ. മറ്റു ജില്ലകളിൽ നിന്ന് യന്ത്രങ്ങൾ എത്തിച്ചാണ് പതിരുകളഞ്ഞ് നെല്ല് സൂക്ഷിച്ചിരുന്നത്. വിലയിൽ കിഴിവ് ആവശ്യപ്പെട്ട് സ്വകാര്യമില്ലുകളുടെ ആവശ്യം കഴിഞ്ഞയാഴ്ച നെൽക്കർഷകരെ നട്ടംതിരിച്ചിരുന്നു. പി.ബാലചന്ദ്രൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മില്ലുകാർ വഴങ്ങിയത്. നെല്ലിൽ ഈർപ്പമുണ്ടെന്ന വാദത്തിൽ മില്ലുടമകൾ വീണ്ടും വില വെട്ടിക്കുറയ്ക്കുമെന്നും നെല്ല് സംഭരണത്തിലെ പാകപ്പിഴകൾ ഒഴിവാക്കാൻ ജനപ്രതിനിധികളുടെ ഇടപെടലുകൾ തുടരണമെന്നാണ് കർഷകരുടെ ആവശ്യം.
മഴ തുടർന്നാൽ മുടങ്ങും
ചൊവ്വാഴ്ച മുതൽ കൊയ്ത്ത് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ മഴ പെയ്താൽ വീണ്ടും കൊയ്ത്ത് മുടങ്ങും.
പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പാടങ്ങളിൽ വെളളക്കെട്ട്
കൊടുങ്ങല്ലൂർ, മുകുന്ദപുരം, തലപ്പിള്ളി, ചാവക്കാട് എന്നീ താലൂക്ക് പരിധിയിൽ മഴപെയ്തിട്ടുണ്ടെന്നാണ് സർക്കാർ അറിയിപ്പ്.
പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പുഴയ്ക്കൽപ്പാടം അടക്കമുളള കൃഷിയിടങ്ങളിൽ വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ജില്ലയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ മഴ മൂലം വൈകിയ കൊയ്ത്ത് ദ്രുതഗതിയിൽ പൂർത്തിയാക്കുകയാണ്. മഴയിൽ പല പാടങ്ങളിലും ചെളി നിറഞ്ഞത് കൊയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഈ പാടങ്ങളിൽ നെല്ല് കൊയ്‌തെടുക്കാൻ കൂടുതൽ സമയമെടുക്കുന്നത് കർഷകർക്ക് തിരിച്ചടിയായി. ചക്രം ഘടിപ്പിച്ച കൊയ്ത്ത് മെതിയന്ത്രങ്ങളാണ് കൊയ്ത്തിന് ഉപയോഗിച്ചത്. മഴ പെയ്തതോടെ ഇത്തരം യന്ത്രങ്ങൾ ഉപയോഗിച്ച് കൊയ്യാൻ കഴിയാതെയായി. പിന്നീട് ഇരുമ്പ് ബെൽറ്റ് ഘടിപ്പിച്ച കൊയ്ത്ത് മെതിയന്ത്രങ്ങൾ എത്തിച്ചാണ് കൊയ്ത്ത് തുടർന്നത്.
24 മണിക്കൂറിലെ മഴക്കണക്ക് : 1.6 മി.മീ.
കൊയ്യാനുളളത്: 200 ഏക്കർ
കൊയ്ത്ത് കഴിഞ്ഞത്: 450 ഏക്കർ
വിസ്തൃതി: 900 ഏക്കർ
കൃഷിയിറക്കിയത്: 650 ഏക്കർ
കെട്ടിക്കിടക്കുന്ന നെല്ല്: അറുപത് ചാക്കുകൾ
കൃഷിയുടെ തുടക്കം മുതൽക്കേ പ്രതിസന്ധികളിലൂടെയാണ് കോൾകർഷകർ കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ നിരന്തരമായ ജാഗ്രത ജനപ്രതിനിധികൾക്ക് ഉണ്ടാകണം.
കൊളങ്ങാട്ട് ഗോപിനാഥൻ , പ്രസിഡന്റ്, പുല്ലഴി കോൾപ്പടവ് സഹകരണസംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |