അമരവിള: നെയ്യാറ്റിൻകര നഗരസഭയിലെ ചായ്ക്കോട്ടുകോണം, മരുതത്തൂർ, കുളത്താമ്മൽ വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയിട്ടും പകരം സംവിധാനം ഏർപ്പെടുത്താൻ നഗരസഭയോ വാട്ടർ അതോറിട്ടിയോ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ സംവിധാനം ഒരുക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടും ചെവി കൊള്ളുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ദൂരസ്ഥലങ്ങളിൽ നിന്നും കുടിവെള്ളമെത്തിക്കാൻ നെട്ടോട്ടമോടുകയാണ് പ്രദേശവാസികൾ. പലരും വിലകൊടുത്ത് വെള്ളം വാങ്ങുകയാണ്. വൃദ്ധരും രോഗികളുമായവരും ഒറ്റയ്ക്ക് താമസിക്കുന്നവരും ദുരിതത്തിലായിട്ടും ടാങ്കറിൽ വെള്ളമെത്തിക്കാൻ തയ്യാറാകാത്ത നഗരസഭയുടെയും വാട്ടർ അതോറിട്ടിയുടെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
കാളിപ്പാറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് പ്രദേശത്ത് എത്തുന്നത്. കാട്ടാക്കട തൂങ്ങാംപാറയിൽ വെള്ളം ബ്ലോക്ക് ചെയ്യുന്നതോടെയാണ് നെയ്യാറ്റിൻകര നഗരസഭ മേഖലയിൽ കുടിവെള്ള വിതരണം തകരാറിലാകുന്നതെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷം
കാട്ടാക്കട മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ആഴ്ചകളായി തൂങ്ങാംപാറയിൽ വെള്ളം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ആയതിനാൽ ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കുകയല്ലാതെ മറ്റു പോംവഴി ഒന്നുമില്ലെന്നാണ് നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജയകുമാർ പറയുന്നത്.
കുടിവെള്ളത്തിനായി നെട്ടോട്ടം
നഗരവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടിയിട്ടും ഇതൊന്നുമറിയാതെ നഗരസഭയും വാട്ടർ അതോറിട്ടിയും പരസ്പരം പഴിചാരി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നാണ് പ്രദേശത്തെ സാംസ്കാരിക സംഘടന പ്രതിനിധികൾ പറയുന്നത്. പെരുമ്പഴുതൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളെ നഗരസഭയോട് കൂട്ടിച്ചേർത്തിട്ട് കാൽനൂറ്റാണ്ട് തികഞ്ഞിട്ടും അടിസ്ഥാന വികസനങ്ങൾക്ക് ഊന്നൽ നൽകി കുടിവെള്ളമെങ്കിലും സ്വയംപര്യാപ്തമാക്കാൻ നഗരസഭയ്ക്കായിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |