മൂന്നു മാസത്തിള്ളിൽ ഗതാഗതം തുടങ്ങും
കാളികാവ് : മുത്തംതണ്ട് വി.സി.ബി കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമ്മാണം തുടങ്ങി. മൂന്നുമാസത്തിനുള്ളിൽ പാലത്തിലൂടെ ഗതാഗതം തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം പറഞ്ഞു.
പതിറ്റാണ്ടുകളുടെ മുറവിളിക്കൊടുവിലാണ് പാലം യാഥാർത്ഥ്യമായത്.
കാളികാവ് ചോക്കാട് പഞ്ചായത്തുകളെ വേർതിരിച്ചൊഴുകുന്ന പരിയങ്ങാട് പുഴയിൽ വെന്തോടൻ പടി മുത്തംതണ്ടിലാണ് വി.സി.ബി കം ബ്രിഡ്ജ് നിർമ്മിച്ചത്.
ജില്ലാ പഞ്ചായത്തിന്റെ 2.40കോടി രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. പിന്നീട് അപ്രോച്ച് റോഡിനായി ജില്ലാ പഞ്ചായത്ത് തന്നെ 99 ലക്ഷം രൂപയുടെ ഫണ്ടും അനുവദിച്ചു.വർഷക്കാലം തുടങ്ങും മുമ്പ് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
റോഡിന്റെ നിർമ്മാണം പൂർത്തിയായാൽ മാളിയേക്കൽ ഭാഗത്ത് നിന്നുള്ളവർക്ക് കാളികാവ് വണ്ടൂർ ഭാഗത്തേക്ക് ദൂരം പകുതിയായി ചുരുങ്ങും. വി.സി.ബിയിൽ വെള്ളം ശേഖരിക്കുന്നതിലൂടെ മേഖലയിലെ വരൾച്ചയ്ക്ക് പരിഹാരമാവുകയും ചെയ്യും.
പാലം യാഥാർത്ഥ്യമായതിലൂടെ വലിയ വികസനമാണ് പ്രദേശത്തിന് ലഭിക്കുക .
കഴിഞ്ഞ പത്തു വർഷമായി ഇവിടെപാലത്തിനു വേണ്ടി നാട്ടുകാർ നിരന്തര പരിശ്രമത്തിലായിരുന്നു. പി.ഡബ്ല്യു.ഡി സാങ്കേതിക തടസത്തിന്റെ പേരിൽ പദ്ധതി ഉപേക്ഷിച്ചപ്പോൾ ഇതിനെതിരെ നാട്ടുകാരനായ അജ്മൽ പാലേങ്ങര എന്ന യുവാവ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പാലം നിർമ്മാണം അധികൃതർഏറ്റെടുത്തത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് വിഷയത്തിൽ ഇടപെട്ട് ഫണ്ട് അനുവദിച്ചതോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |