തിരുവനനന്തപുരം:മഞ്ഞച്ചേലയണിഞ്ഞ ഉണ്ണിക്കണ്ണനും
കൊന്നപ്പൂവും ഇന്ന് മലയാളികൾക്ക് വിഷുക്കണിയാവും.
കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പുതുക്കിയാണ് ഒരിക്കൽക്കൂടി വിഷു എത്തുന്നത്. കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും മലയാളികൾ ആഘോഷിക്കും.
നിറഞ്ഞു കത്തുന്ന നിലവിളക്കും പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും സമൃദ്ധിയുടെ പ്രതീക്ഷ പകരും . കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും ഐശ്വര്യത്തിന്റെ പ്രതീകങ്ങളാവും. സമ്പന്നമായൊരു കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തലാവും കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും. കണി കണ്ടുകഴിഞ്ഞാൽ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവർ നൽകുന്ന കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്.
ഏത് പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനുള്ള ആത്മബലത്തിന്റെ അനുഭവസാക്ഷ്യം കൂടിയാണ് മലയാളിയ്ക്ക് വിശുദ്ധിയുടെ ഈ ദിനം.
മുഖ്യമന്ത്രിയുടെ
വിഷു ആശംസ
തിരുവനന്തപുരം: ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകൾക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവയ്ക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. വൈവിദ്ധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവർ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള നമ്മുടെ ഉത്സവങ്ങൾ.
വിഷു ആശംസ
നേർന്ന് ഗവർണർ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിഷു ആശംസ നേർന്നു. വിഷു സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെയെന്നും പ്രകൃതി വിഭവങ്ങളെ പരിപാലിക്കുവാനുള്ള ദൃഢനിശ്ചയത്തിന് ഊർജ്ജം നൽകട്ടെയെന്നും ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |