തൃശൂർ: ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന താത്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങി.നിരവധിപേർ ജോലി ഉപേക്ഷിച്ചു.ഡിജിറ്റൽ സർവേ പലിടത്തും മുടങ്ങുന്ന അവസ്ഥയായി. ജോലി ഉപേക്ഷിക്കുന്നതിൽ കൂടുതലും ഹെൽപ്പർമാരാണ്. 19,000ഓളം രൂപയാണ് ഇവർക്ക് നൽകുന്നത്.
ഫെബ്രുവരിയിൽ പല ജില്ലകളിലും അയ്യായിരം രൂപയാണ് നൽകിയത്. മാർച്ചിലാകട്ടെ പല ജില്ലകളിലും ഒന്നും നൽകിയില്ല. ഇത് പ്രതിഷേധത്തിന് ഇടവെച്ചതോടെ പത്ത് ദിവസത്തെ ശമ്പളമാണ് നൽകിയത്. ഓരോ ജില്ലയിലും മൂന്നൂറിലേറെ പേരാണ് താത്കാലികമായി ജോലി ചെയ്യുന്നത്.
പലരും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ഇതിലും ഭേദപ്പെട്ട ശമ്പളത്തോടെ ജോലി ചെയ്തിരുന്നവരാണ്. നിലവിലെ സാഹചര്യത്തിൽ എല്ലാ വില്ലേജിലും ഡിജിറ്റൽ സർവേ പൂർത്തീകരിക്കണമെങ്കിൽ ഇനിയുമേറെ സമയമെടുക്കും.200 വില്ലേജുകളിൽ തുടങ്ങിയ ഡിജിറ്റൽ സർവേ അവസാന ഘട്ടത്തിലാണ്.
സർവേയർമാരുടെ
ശമ്പളത്തിൽ രണ്ട് പന്തി
താത്കാലികമായി നിയമിക്കുന്ന സർവേയർമാർക്ക് നൽകുന്ന ശമ്പളത്തിലും രണ്ട് പന്തിയാണ്. എംപ്ലോയ്‌മെന്റ് വഴി നിയമിച്ചവർക്ക് 34,500 രൂപ നൽകുമ്പോൾ സർവേ വകുപ്പ് നേരിട്ട് നിയമിച്ചവർക്ക് നൽകുന്നത് 25,000ൽ മാത്രമാണ്. ഒരേ ജോലി ചെയ്യുമ്പോഴാണ് ശമ്പളത്തിൽ വേർതിരിവ്. എംപ്ലോയ്‌മെന്റ് വഴി സർവേയർമാരെ ലഭിക്കാത്തതിനെ തുടർന്നാണ് നേരിട്ട് നിയമനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |