കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തി സേഫ്ടിലൈനും കവർന്നെടുത്ത് നിർമ്മാണം. ട്രെയിനെത്തുമ്പോൾ തിക്കും തിരക്കും രൂക്ഷമാകുന്ന ഈ ഭാഗത്ത് ഭാഗ്യം കൊണ്ട് മാത്രമാണ് അപകടങ്ങൾ ഒഴിവാകുന്നത്.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് എട്ട് മുതൽ 13 മീറ്റർ വരെ വീതിയാണുള്ളത്. എയർപോർട്ട് മോഡൽ വികസനത്തിന്റെ ഭാഗമായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് നേരത്തെ പ്രവേശിച്ചിരുന്ന ഭാഗത്തെ പഴയ കെട്ടിടങ്ങൾ അടുത്തിടെ പൊളിച്ചിരുന്നു. ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാതിരിക്കാനാണ് 50 മീറ്ററോളം നീളത്തിൽ പ്ലാറ്റ്ഫോമിന്റെ എൺപത് ശതമാനത്തോളം കവർന്നെടുത്ത് തകര ഷീറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ട്രെയിൻ നിറുത്തുന്നത് വരെ ട്രാക്കിൽ നിന്ന് 5.5 അടി അകലെ പ്ലാറ്റ്ഫോമിൽ വരച്ചിട്ടുള്ള മഞ്ഞ വരയ്ക്ക് അപ്പുറമേ യാത്രക്കാർ നിൽക്കാവുയെന്നാണ് ചട്ടം. എന്നാൽ ഈ ഭാഗത്ത് നിലവിൽ കഷ്ടിച്ച് നാലടി വീതിയേയുള്ളു.
കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുന്ന ഭൂരിഭാഗം ട്രെയിനുകൾക്കും ഇപ്പോൾ 3 മിനിറ്റ് മാത്രമാണ് സ്റ്റോപ്പുള്ളത്. അതുകൊണ്ട് തന്നെ ട്രെയിനിൽ നിന്നും ഇറങ്ങാനും കയറാനും തിരക്കാണ്. തകരഷീറ്റ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് നിറുത്തുന്ന കോച്ചുകൾക്ക് മുന്നിൽ യാത്രക്കാർ നിറയുന്നതോടെ മറ്റ് കോച്ചുകളിലേക്ക് കയറാനുള്ള യാത്രക്കാർക്ക് ബാഗുമായി മുറിച്ചുകടക്കാനും കഴിയുന്നില്ല.
സുരക്ഷാ പ്രശ്നം ഗുരുതരം
സുരക്ഷാപ്രശ്നമുള്ളിടത്ത് പൊലീസും ആർ.പി.എഫുമില്ല
ഒരുവശത്ത് മണ്ണ് നീക്കിയതിനാൽ പ്ലാറ്റ്ഫോം ഇടിയുമെന്ന് ഭീതി
സ്റ്റേഷനിലെ ഡിജിറ്റൽ ബോർഡുകൾ നീക്കി
കോച്ച് പൊസിഷനറിയാതെ യാത്രക്കാർ നെട്ടോട്ടം
ഹെൽപ്പ് ഡെസ്കെന്ന ആവശ്യവും പരിഗണിക്കുന്നില്ല
കൂടുതൽ ബുദ്ധിമുട്ടുന്നത് പ്രായമായവർ
വേനലവധിയായതോടെ തിരക്ക് വർദ്ധിച്ചു
ദിവസവും 175 ഓളം ട്രെയിനുകൾ
രാവിലെയും വൈകിട്ടുമായി പീക്ക് സമയത്ത് 57 ട്രെയിനുകൾ
ഒരുദിവസം ശരാശരി 55000 യാത്രക്കാർ
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടുപോവുകയാണ്. എത്രയും വേഗം നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കും.
കൊല്ലം റെയിൽവേ സ്റ്റേഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |