കള്ളിക്കാട്:സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു. നെയ്യാർഡാം പൊലീസ് സഹോദരനായ പ്രതിയെ പിടികൂടി. നെയ്യാർഡാം വാഴിച്ചൽ പന്ത മുസ്ലിം പള്ളിക്കു സമീപം ചരുവിള പുത്തൻവീട്ടിൽ സന്തോഷി(48)നെ ഇയാളുടെ സഹോദരൻ ബിനു(51)വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. സന്തോഷിനെ വീട്ടിലെത്തിയ ബിനു ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇടതു കൈയിലെ രണ്ടു വിരൽ അറ്റുതൂങ്ങി. പരിക്കേറ്റ സന്തോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം മത്സ്യക്കച്ചവടക്കാരനായ ബിനു മദ്യപിച്ച് സന്തോഷിന്റെ വീട്ടിലെത്തി ജനൽ അടിച്ച് തകർത്തിരുന്നു. സന്തോഷ് നെയ്യാർ ഡാം പൊലീസിൽ പരാതി നൽകുകയും ഇരുവരെയും സ്റ്റേഷനിൽ വിളിപ്പിച്ച് ജനൽ ചില്ല് മാറ്റി കൊടുക്കാമെന്ന് ബിനു സമ്മതിക്കുകയും ചെയ്തു. ഇതിനുശേഷം വീണ്ടും സന്തോഷിനെ കണ്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് നെയ്യാർ ഡാം പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |