കഞ്ചിക്കോട്: കേരളത്തിലേക്ക് ലഹരി പദാർത്ഥങ്ങൾ കടത്തി കൊണ്ടുവരുന്ന പ്രധാന വഴിയായി വാളയാർ മാറി. എക്‌സൈസ് പരിശോധന കർശനമാക്കിയതോടെ വാളയാറിൽ കഞ്ചാവും എം.ഡി.എം.എയും ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുക്കുന്നതും പതിവായി. വിഷു ദിവസം 23 കിലോ കഞ്ചാവാണ് ഇവിടെ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് പിടികൂടിയത്. ലഹരി ഏജന്റുമാരായി പ്രവർത്തിക്കുന്നവരും കൂലിക്ക് ജോലിയെടുക്കുന്നവരുമാണ് പിടിയിലാകുന്നത്. അതുകൊണ്ട് തന്നെ ലഹരിയുടെ ഉറവിടമോ വിൽപ്പനയ്ക്ക് ചുക്കാൻ പിടിക്കുന്നവരെയോ കണ്ടെത്താനാവുന്നില്ല
കഞ്ചാവ് ഉൾപ്പെടെ അതിർത്തി കടന്നെത്തുന്ന ലഹരിയുടെ ഉറവിടം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെന്ന് സൂചന. പിടിയിലാകുന്നവരിലേറെയും അതിഥി തൊഴിലാളികളും. ബീഹാർ, ഒഡീഷ, ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെല്ലാം ഇതിലുണ്ട്. ഉത്തരേന്ത്യ വരെ വ്യാപിച്ച് കിടക്കുന്ന ലഹരി മാഫിയയിലെ അവസാന കണ്ണികൾ മാത്രമാണിവർ. തമിഴ്നാട്ടിലെ പ്രത്യേക സ്ഥലങ്ങളിൽ എത്തിക്കുന്ന ലഹരി വസ്തുക്കൾ അവിടെ നിന്നും കേരളത്തിൽ വിൽപ്പനക്ക് കൊണ്ടുവരുന്ന ജോലി മാത്രമാണ് ഇവർക്കുള്ളത്. വാളയാർ മേഖലയിൽ എക്‌സൈസ് സജീവമായി രംഗത്തിറങ്ങിയതോടെ ലഹരി പദാർത്ഥങ്ങൾ അതിർത്തി കടത്താൻ പറ്റാത്ത സ്ഥിതിയായി. ഇതോടെ ലഹരി കടത്തുകാർ ബസ് മാർഗം ലഹരിക്കടത്ത് തുടങ്ങി. വിവരം മണത്തറിഞ്ഞ എക്‌സൈസ് ബസുകളും പരിശോധിക്കാൻ തുടങ്ങി.
ലഹരിക്കടത്ത് സ്ഥിരം തൊഴിലാക്കിയ മൂന്ന് പേരാണ് ദിവസങ്ങൾക്കിടെ പിടിയിലായത്. ബംഗാൾ സ്വദേശിയെ 8 കിലോ കഞ്ചാവുമായി കഴിഞ്ഞയാഴ്ച ബസിൽ നിന്ന് പിടികൂടി. തിങ്കളാഴ്ച്ച ഒഡീഷ സ്വദേശികളായ ആനന്ദ് മാലിക്കും കേദാർമാലിക്കും 23 കിലോ കഞ്ചാവുമായി പിടിയിലായി. ബീഹാർ സ്വദേശി യാസിൻ അൻസാരി കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുച്ഛമായ കൂലിക്ക് ഫാക്ടറി ജോലിക്ക് എത്തിയ അൻസാരി കഞ്ചിക്കോട് കൊയ്യാമരക്കാടിൽ 50 ലക്ഷം രൂപ മതിപ്പ് വില വരുന്ന വീട് പണിതതായി പൊലീസ് കണ്ടെത്തി.
ലഹരി കടത്തിയ ഉത്തരേന്ത്യക്കാർ തുടർച്ചയായി പിടിക്കപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ ഇവരെല്ലാം പൊലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണത്തിലാണ്. പെട്ടെന്ന് ധനികരായവർ, പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ ഇവിടെ താമസിക്കുന്നവർ തുടങ്ങിയവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |