കാരേറ്റ്: കാരേറ്റ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ.സംസ്ഥാനപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു.എന്നാൽ സ്ഥാപിച്ച് അധികം വൈകാതെ പ്രവർത്തനം നിലച്ചു.
തുടർന്ന് ഇവിടെ ട്രാഫിക് വാർഡനെ നിയോഗിച്ചെങ്കിലും ഇപ്പോൾ അതുമില്ല.സ്കൂൾ,കോളേജ് വിദ്യാർത്ഥികളടക്കം വലിയൊരു ജനവിഭാഗമാണ് കാരേറ്റ് ടൗണിൽ വന്നു പോകുന്നത്. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ വൃദ്ധർ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ വളരെ ബുദ്ധിമുട്ടാണ്.
കാരേറ്റ് ടൗണിനെ ഒരു അപകട മേഖല പോയിന്റാക്കാതെ സിഗ്നൽലൈറ്റ് അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി,കെ.എസ്.ടി.പി കൊട്ടാരക്കര എക്സിക്യുട്ടീവ് എൻജിനിയർക്കും,പുളിമാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കത്ത് നൽകിയതായി എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ഷാജിയും,സെക്രട്ടറി സി.വിജയകുമാറും അറിയിച്ചു.
കാരേറ്റ്
സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്ന്.നഗരൂർ,കല്ലറ,കിളിമാനൂർ,വെഞ്ഞാറമൂട് റോഡുകൾ സന്ധിക്കുന്ന പ്രധാന ജംഗ്ഷൻ
മണിക്കൂറുകൾ കാക്കണം
സംസ്ഥാനപാതയിൽ റോഡിലൂടെ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നത് മൂലം കല്ലറ,നഗരൂർ റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് റോഡ് മുറിച്ച് കടക്കാൻ കുറെനേരം കാത്തുകിടക്കണം.പലപ്പോഴും അപകടങ്ങളും സംഭവിക്കാറുണ്ട്.
റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും അനധികൃത വാഹന പാർക്കിംഗും പലപ്പോഴും മറ്റൊരു തലവേദനയാണ്. മഴക്കാലമായാൽ കാരേറ്റ് ജംഗ്ഷൻ വെള്ളക്കെട്ടിലാണ്.
സിഗ്നൽ ലൈറ്റിന്റെ അവസ്ഥ പറയാൻ കെ.എസ്.ടി.പി അധികൃതരെ വിളിച്ചാൽ തങ്ങളല്ല പഞ്ചായത്താണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും, പഞ്ചായത്തിൽ പറഞ്ഞാൽ തിരിച്ചാണ് മറുപടിയെന്നും ജനങ്ങൾ പരാതിപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |