കോഴിക്കോട്: പെരുന്നാൾ, വിഷു ആഘോഷങ്ങളോട് ബെെ പറഞ്ഞെങ്കിലും അവധിക്കാലം ആഘോഷമാക്കാൻ നഗരത്തിലേക്കെത്തുന്നത് ആയിരങ്ങളാണ്. ഇന്നലെയേും വിഷു ദിനത്തിലും നഗരം ജനങ്ങളാൽ വീർപ്പുമുട്ടി.
കുട്ടികളുമൊത്ത് കുടുംബമായെത്തുന്നവർ വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം മണിക്കൂറുകൾ ചെലവഴിച്ചാണ് മടങ്ങുന്നത്. വേനലവധിയും പെരുന്നാളും വിഷുവും ഒരുമിച്ച് എത്തിയതോടെ കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായത്. വാഹനപ്പെരുപ്പം കാരണം ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ദുഖവെള്ളി, ഈസ്റ്റർ അവധിദിനങ്ങളും വരുന്നതിനാൽ നഗരം ഇനിയും തിരക്കിലലിയും.
സൊറ പറഞ്ഞ് മണിക്കൂറുകൾ
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോഴിക്കോട് ബീച്ച്, സരോവരം, മാനാഞ്ചിറ, കടലുണ്ടി, ബേപ്പൂർ, കാപ്പാട്, വടകര സാന്റബാങ്ക്സ്, തുഷാരഗിരി, കക്കയം, കരിയാത്തുംപാറ, വയലട എന്നിവിടങ്ങളിലെല്ലാം രാവിലെ മുതലെ ആളുകളെത്തുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്നടക്കം നൂറുകണക്കിനാളുകളാണ് നഗരത്തിലേക്കൊഴുകുന്നത്. കനത്ത ചൂടിലും ആളുകൾ ബീച്ചിലെത്തുന്നുണ്ട്. മാനാഞ്ചിറ മെെതാനം കൂടുതലായി ആളുകളെത്തുന്ന ഇടമാണ്. മാളുകളും തിരഞ്ഞെടുക്കുന്നവരും കുറവല്ല.
തിരക്കോ തിരക്ക്
പെരുന്നാളും അവധിക്കാലവും ആഘോഷിക്കാൻ കുടുംബങ്ങൾ ഒന്നാകെ പുറത്തിറങ്ങിയതോടെ പ്രധാന റോഡുകളും ജംഗ്ഷനുകളിലും കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നിയന്ത്രണാതീതമായ തിരക്കാണുണ്ടായത്. പുതിയ സ്റ്റാൻഡ്, മലാപ്പറമ്പ് ജംഗ്ഷൻ, വേങ്ങേരി, രാമനാട്ടുകര, ചെറുവണ്ണൂർ, മീഞ്ചന്ത, മാങ്കാവ്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, എരഞ്ഞിപ്പാലം, തൊണ്ടയാട്, കാരപ്പറമ്പ്, മെഡിക്കൽ കോളേജ്, റെയിൽവേ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, കല്ലായി, താമരശ്ശേരി എന്നിവിടങ്ങളിലെല്ലാം വാഹനങ്ങളുടെ നിരനീണ്ടു. പലയിടങ്ങളിലും പാർക്കിംഗ് സൗകര്യമില്ലാത്തതും ആറുവരി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതും കുരുക്ക് രൂക്ഷമാക്കി.
നിയന്ത്രിക്കാൻ ഇവരുണ്ട്
ട്രാഫിക് എ.സി.പിമാരായ കെ.എ സുരേഷ് ബാബു, എ.ജെ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ 270 ട്രാഫിക് ഉദ്യോഗസ്ഥരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. 10 സെക്ടറുകളായി തിരിഞ്ഞ് എസ്ഐയുടെ നേതൃത്വത്തിൽ ടീമുണ്ട്. തിരക്ക് രൂക്ഷമാകുന്ന സമയം ഇവർക്കൊപ്പം വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരുമുണ്ട്. ആറുവരി പാതയുടെ ഭാഗമായി പ്രവൃത്തി നടക്കുന്ന വേങ്ങേരി ജംഗ്ഷൻ, മലാപ്പറമ്പ് തുടങ്ങിയ ഇടങ്ങളിൽ മുഴുവൻ സമയവും ഒന്നിൽ കൂടുതൽ പൊലീസുകാരുണ്ട്. കൂടെ 13 കൺട്രോൾ റൂം വാഹനങ്ങൾ, നാല് മോട്ടോർ സെെക്കിളുകൾ, 24 മണിക്കൂറും ഹൈവേ പൊലീസ് എന്നിവരും രംഗത്തുണ്ട്.
'' തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് സജ്ജീകരണമുണ്ട്. മലാപ്പറമ്പിൽ മൂന്നു വരി കഴിഞ്ഞ ദിവസം ഗതാഗത്തിനു തുറന്നുകൊടുത്തുതിനാൽ വരും ദിവസങ്ങളിൽ ഗതാഗതക്കുരുക്കിന് അൽപ്പം ശമനമുണ്ടാകുമെന്നാണ് കരുതുന്നു.''
എ.ജെ ജോൺസൺ, എ.സി.പി ട്രാഫിക്, സൗത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |