തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മുൻ സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. കുറവൻകോണത്തെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് ഒക്യുപ്പൻസി സർട്ടിഫിക്കറ്റും കെട്ടിടനമ്പരും ലഭിക്കുന്നതിന് 2ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനെത്തുടർന്നാണിത്. കോർപ്പറേഷനിലെ എൻജിനിയറിംഗ് വിഭാഗം ജൂനിയർ സൂപ്രണ്ടായിരുന്ന ഷിബുവിനെതിരെയാണ് അന്വേഷണം. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കൈക്കൂലിയിടപാട് ശരിവച്ചിരുന്നു. തുടർന്ന് കോർപറേഷൻ ഷിബുവിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വിജിലൻസ് അന്വേഷണം തുടങ്ങിയതോടെ പരാതിക്കാരനുമായി ഒത്തുകളിച്ച് കേസൊതുക്കാൻ ഷിബു ശ്രമിച്ചിരുന്നു.
പരാതിക്കാരന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് സൂപ്രണ്ട് ആദ്യം കെട്ടിടനമ്പരും ഒക്യുപെൻസി സർട്ടിഫിക്കറ്റും നിഷേധിച്ചിരുന്നു. പരാതിക്കാരനെ പലതവണ ഓഫീസിൽ വിളിച്ചുവരുത്തി ഇല്ലാത്ത അപാകതകൾ പറഞ്ഞ് നടപടികൾ വൈകിപ്പിച്ചു. പിന്നീട് പരാതിക്കാരന്റെ വഴുതക്കാടുള്ള വീട്ടിൽ വച്ച് 2024 ജൂണിൽ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സർക്കാർ വിശദമായ വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |