മലപ്പുറം: കവളപ്പാറ ദുരന്തത്തിന് പിന്നാലെ ജില്ലയിലെ ഫയർഫോഴ്സിനെ ശക്തിപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം വാഗ്ദാനത്തിലൊതുങ്ങി. മലയോര മേഖലയിൽ ഉൾപ്പെടെ പുതിയ ഫയർഫോഴ്സ് സ്റ്റേഷനുകൾ അനുവദിക്കുമെന്ന ഉറപ്പ് ആറുവർഷമായിട്ടും പാലിച്ചിട്ടില്ല. ഒരുനിയമസഭാ മണ്ഡലത്തിൽ ഒരുഫയർ സ്റ്റേഷൻ എന്ന സർക്കാർ നയപ്രകാരം പോലും മലപ്പുറത്ത് 16 സ്റ്റേഷനുകൾ വേണം. നിലവിൽ എട്ട് ഫയർ സ്റ്റേഷനുകളാണ് ഉള്ളത്. താനൂർ, മഞ്ചേരി, നിലമ്പൂർ, തിരൂർ, തിരുവാലി, പെരിന്തൽമണ്ണ, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ. കേരളത്തിൽ സ്ഥാപിക്കേണ്ട ഫയർ സ്റ്റേഷനുകൾ സംബന്ധിച്ച 2002ലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനത്തിൽ മലപ്പുറത്ത് 37 ഫയർ സ്റ്റേഷനുകളുടെ ആവശ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ഫയർ സ്റ്റേഷനുകൾ വേണ്ടത് മലപ്പുറത്താണ്. 21 റൂറലും 16 അർബൻ ഫയർ സ്റ്റേഷനും വേണമെന്നാണ് കണ്ടെത്തൽ.
2015ൽ ഫയർഫോഴ്സ് നവീകരണ കമ്മിഷൻ ചെയർമാൻ ജാംഗ്പാംഗിയുടെ റിപ്പോർട്ടിലും മലപ്പുറത്ത് 16 ഇടങ്ങളിൽ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. രണ്ട് പ്രളയങ്ങളിലും വലിയ ദുരിതം പേറിയ കാളികാവ്, അരീക്കോട് ഉൾപ്പെടെ ഫയർസ്റ്റേഷനുകൾ വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തീപിടുത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ 20 കിലോ മീറ്ററിലധികം താണ്ടിയെത്തേണ്ട സ്ഥലങ്ങൾ പോലും ഫയർ സ്റ്റേഷനുകളുടെ പരിധികളിലുണ്ട്. സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ 50 സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും ഫയർസ്റ്റേഷൻ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. തേഞ്ഞിപ്പലത്തും പരിസര പ്രദേശങ്ങളിലും അത്യാഹിതങ്ങൾ ഉണ്ടായാൽ കോഴിക്കോട് മീഞ്ചന്തയിൽ നിന്ന് വേണം ഫയർഫോഴ്സ് എത്താൻ. കാലിക്കറ്റ് സർവകലാശാല, ചേളാരി ഐ.ഒ.സി പ്ലാന്റ്, കാക്കഞ്ചേരി കിൻഫ്ര പാർക്ക് തുടങ്ങി സുപ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്ത് ഫയർഫോഴ്സ് യൂണിറ്റ് അനിവാര്യമാണ്.
വേണം ഫയർസ്റ്റേഷൻ
രണ്ട് പ്രളയങ്ങൾക്ക് സാക്ഷ്യം വഹിച്ച ചാലിയാറിന്റെ തീരങ്ങളോടനുബന്ധിച്ച് വലിയ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. പോത്തുകല്ല്, എടക്കര, കാളികാവ് എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷനുകളില്ലാത്തത് പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ വെല്ലുവിളി ഉയർത്തിയിരുന്നു. ചാലിയാറും ഏഴോളം കൈവഴികളും ഒഴുകുന്ന ഈ പ്രദേശങ്ങൾ പ്രളയകാലയളവിൽ തുരുത്തുകളായി മാറിയിരുന്നു. പലയിടങ്ങളിലും രക്ഷാപ്രവർത്തനത്തിന് എത്തിപ്പെടാൻ പോലും ഫയർഫോഴ്സിന് കഴിഞ്ഞിരുന്നില്ല. കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം ഏറെ ദൂരം ചുറ്റി സഞ്ചരിച്ചാണ് ദുരന്ത ഭൂമിയിൽ എത്തിയത്. എടക്കരയിലോ, പോത്തുകല്ലിലോ ഫയർ സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിൽ ഈ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |