കടമ്മനിട്ട : ഓലച്ചൂട്ടിൽ അഗ്നി പകർന്ന് പച്ചതപ്പിൽ നാദമുണർത്തി കാവിലമ്മയെ കളത്തിലേക്ക് കൊട്ടി വിളിച്ചിറക്കി. പത്തു നാൾ കരദേവതയുടെ മുൻപിൽ കോലങ്ങൾ കളം നിറഞ്ഞാടും. കുംഭമാസത്തിലെ പറയ്‌ക്കെഴുന്നള്ളത്തിലും ഊരാളി പടേനിയിലും തുടങ്ങി മേടമാസത്തിലെ ആദ്യ പത്തുദിനങ്ങളാണ് കടമ്മനിട്ട ഗ്രാമത്തിന്റെ പടേനിക്കാലം. ഭാവതീവ്രമായ രംഗങ്ങൾ കാണാനും രൗദ്ര സങ്കീർത്തനങ്ങൾ കേൾക്കാനും രാവിനെ പകലാക്കി മിഴിതുറന്നു ഒരു ഗ്രാമം മുഴുവൻ കാവിന്റെ മുറ്റത്ത് കാത്തിരിക്കും. ചൂട്ടുവയ്പ്പ് ചടങ്ങിന് ആവശ്യമായ ചൂട്ട്, നാളികേരം, അക്ഷതം എന്നിവ പാരമ്പര്യ അവകാശികളായ ഐക്കാട്ട് കുടുംബക്കാർ കാവിലെത്തിച്ചു. രാത്രി ക്ഷേത്ര മേൽശാന്തി ബി.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ചൂട്ടു കറ്റയിലേക്ക് അഗ്നിപകർന്ന് പടേനി ആശാൻ കടമ്മനിട്ട പ്രസന്നകുമാറിന് ബലിക്കൽപുര വരെ എത്തിച്ചു നൽകി. ആശാൻ അത് ഏറ്റുവാങ്ങി പിന്നോട്ടിറങ്ങി പടേനികളത്തിൽ വച്ചു.
തുടർന്ന് പടേനി ആശാൻ കടമ്മനിട്ട രഘുകുമാർ പച്ചത്തപ്പ് കൊട്ടിവിളിച്ചു ഭഗവതിയെ കളത്തിലേക്ക് വിളിച്ചിറക്കി. ഐക്കാട്ട് കുടുംബക്കാരണവർ രാധാകൃഷ്ണക്കുറുപ്പ് തേങ്ങ മുറിച്ച് തുളസിപ്പൂവും അക്ഷതവും ഇട്ടു. മേൽശാന്തി രാശി നോക്കി പത്തു നാൾ നീണ്ടുനിൽക്കുന്ന പടേനി മഹോത്സവത്തിന്റെ ഫലം പറഞ്ഞു. ശുഭലക്ഷണമെന്ന് മേൽശാന്തി കരക്കാരെ അറിയിച്ചു. ഇന്ന് പച്ചതപ്പ് കൊട്ടിവിളി ചടങ്ങ് നടത്തും. മൂന്നാം ദിവസമായ നാളെ പച്ചത്തപ്പിൽ നിന്ന് കാച്ചി മുറുക്കിയ തപ്പിലേക്കും പഞ്ചവർണ്ണത്തിലേക്കും മാറി പാളക്കോലങ്ങൾ എഴുതി തുള്ളൽ തുടങ്ങും. രാത്രി 11 മുതലാണ് പടേനി, 19ന് അടവി. 20ന് ഇടപ്പടേനി. 21ന് വല്യപടേനി. 22ന് പള്ളിയുറക്കം. പത്താമുദയ ദിനമായ 23ന് പകൽപ്പടേനിയും കൊട്ടികയറ്റും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |