കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കൊല്ലം പൂരത്തിന്റെ ഭാഗമായി ക്ഷേത്ര ആൽമരച്ചുവട്ടിൽ നടന്ന ആനഊട്ടിൽ കുംഭ നിറച്ച് കൊമ്പൻമാർ. ഭക്തർക്കും ആനപ്രേമികൾക്കും ഭക്തിയും കൗതുകവും നിറ കാഴ്ചകളും സമ്മാനിച്ചാണ് ആനഊട്ട് നടന്നത്.
ഉത്സവത്തിന് സമാപനം കുറിച്ച് ആശ്രാമം മൈതാനിയിൽ നടന്ന കൊല്ലം പൂരത്തിൽ കുടമാറ്റത്തിൽ പങ്കെടുക്കാനെത്തിയ കരിവീരന്മാർക്കാണ് വിഭവ സമൃദ്ധമായ ആനഊട്ട് നടത്തിയത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ കവാടത്തിലെ പടികളിലായിരുന്നു ഗജവീരന്മാർക്ക് ആനയൂട്ട് നടത്താനായി വിഭവങ്ങൾ പ്രത്യേകം തയ്യാറാക്കിവച്ചിരുന്നത്.
ശ്രീകോവിലിന് മുന്നിലെ വിളക്ക് തെളിച്ചതോടെ ആനഊട്ടിന് തുടക്കമായി. കുളിച്ച് കുറി തൊട്ട് കരിവീരന്മാർ ക്ഷേത്രത്തിലെത്തി ശ്രീകൃഷ്ണ ഭഗവാനെ വണങ്ങിയ ശേഷം ഓരോ ഗജവീരൻമാർ ക്ഷേത്ര ശ്രീകോവിലിന് പ്രദക്ഷിണം വച്ച് ക്ഷേത്രമുറ്റത്തെ ആൽമരച്ചുവട്ടിൽ എത്തിയപ്പോഴേക്കും ആനപ്രേമികളും ഭക്തരും ക്ഷേത്രമുറ്റം നിറഞ്ഞിരുന്നു. വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് എത്തിയത്. ക്ഷേത്രത്തിൽ നിന്ന് പൂജിച്ച പഴവർഗങ്ങൾ ഉൾപ്പടെയുള്ള 12 കൂട്ടം വിഭവങ്ങളാണ് ആനഊട്ടിന് ഒരുക്കിയത്. തൃക്കടവൂർ ശിവരാജുവിനെ ക്ഷേത്രം മേൽശാന്തി ഊട്ടിയതിന് ശേഷമാണ് മറ്റ് കരിവീരൻമാർക്ക് ആനഊട്ട് നടത്തിയത്. 27 കരിവീരന്മാരാണ് ആനഊട്ടിൽ പങ്കെടുത്തത്. ആനഊട്ടിന് മുന്നോടിയായി ക്ഷേത്രത്തിന് സമീപത്തെ പുരയിടത്തിൽ സജ്ജീകരിച്ച കൂറ്റൻ ഷവറിന് കീഴിൽ ഗജവീരന്മാർ ആനനീരാട്ടും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |