ട്രെയിനിൽ കയറാത്തവർ വിരളമാണ്. ദീർഘദൂര യാത്രക്ക് മാത്രമല്ല ഓഫീസിലും കോളേജിലും പോകുന്നതിനും ട്രെയിനിനെ ആശ്രയിക്കുന്നവരുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പലർക്കും വിൻഡോ സീറ്റിൽ ഇരിക്കാനാണ് ഇഷ്ടം. മറ്റുചിലർ ആവട്ടെ ട്രെയിനിന്റെ വാതിലിന് അടുത്തുപോയി നിന്ന് കാഴ്ചകൾ കാണുന്നു.
എന്നാൽ വാതിലിന് അടുത്ത് നിന്ന് യാത്ര ചെയ്യുന്നത് അത്ര നല്ലതല്ല. ഇങ്ങനെ ജനലിന് അരികിലോ വാതിലിന് അരികിലോ നിൽക്കുമ്പോൾ നമ്മുടെ സ്മാർട്ട് ഫോൺ താഴെ വീണുപോയാലോ? ഇത്തരം സന്ദർഭത്തിൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. ചിലർ ഉടൻ ട്രെയിനിലെ അപായ ചങ്ങല വലിക്കാറുണ്ട്. എന്നാൽ ഇത് ട്രെയിനിലെ മുഴുവൻ യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂടാതെ ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരം ഇത്തരത്തിൽ ആവശ്യമില്ലാതെ ചങ്ങല വലിക്കുന്നത് കുറ്റകരമാണ്. ഒരു വർഷം വരെ തടവോ 1000 രൂപ വരെ പിഴയോ ശിക്ഷവിധിക്കും.
ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ താഴെ വീണാൽ ആദ്യം പരിഭ്രാന്തരാകരുത്. എന്നിട്ട് ഫോൺ നഷ്ടമായ സ്ഥലം കൃത്യമായി തിരിച്ചറിയാൻ ചില അടയാളങ്ങൾ ശ്രദ്ധിക്കണം. ട്രെയിൻ കടന്നു പോയ അവസാന സ്റ്റേഷൻ ഓർത്തുവയ്ക്കുക. ശേഷം പുറത്തുകാണുന്ന കറുപ്പും മഞ്ഞയും നിറത്തിലുള്ള റെയിൽ തൂണിലെ നമ്പർ ശ്രദ്ധിക്കണം. ട്രാക്കിന്റെ റൂട്ടിലുള്ള ഓരോ വെെദ്യുതി തൂണിനും ഒരു പ്രത്യേക നമ്പർ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഫോൺ വീണതിന് സമീപമുള്ള പോൾ നമ്പർ ശ്രദ്ധിക്കുക. ഈ വിവരങ്ങൾ ഉപയോഗിച്ച് ഫോൺ താഴെ വീണ സ്ഥലം തിരിച്ചറിയാനാകും.
ഒപ്പമുള്ള ആരുടെയെങ്കിലും കെെയിൽ നിന്ന് മൊബെെൽ ഫോൺ വാങ്ങിയ ശേഷം റെയിൽവേ സുരക്ഷാ സേനയുടെ ഹെൽപ്പ് ലെെൻ നമ്പറായ 182ൽ വിളിച്ച് സഹായം തേടാവുന്നതാണ്. ഫോണിന്റെ മോഡൽ, ബ്രാൻഡ്, നമ്പർ, ഫോൺ താഴെ വീണ സമയം, സ്ഥലം എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുക. ഇത് ഫോൺ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നു. ആർപിഎഫ് ഉദ്യോഗസ്ഥർ ഫോൺ കണ്ടെത്തിയാൽ അത് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും നിങ്ങളെ അറിയിക്കുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |