തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ കോടികളുടെ തട്ടിപ്പ് നടത്തി ക്ലർക്ക്. ലോട്ടറി തൊഴിലാളികൾ അടച്ച അംശാദായ തുക ക്ലർക്ക് സംഗീത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതാണ് വിജിലൻസ് കണ്ടെത്തിയത്. ക്ലാർക്ക് നടത്തിയ തട്ടിപ്പ് ഓഡിറ്റിൽ പോലും ആദ്യം കണ്ടെത്തിയിരുന്നില്ല. ഒടുവിൽ തെളിവുകൾ സഹിതം വിജിലൻസിന് പരാതി ലഭിക്കുകയായിരുന്നു. വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഗീത് നടത്തിയ ക്രമക്കേട് പുറത്തുവന്നത്.
2018ൽ മാത്രം ഇയാൾ രണ്ടു തവണയായി 80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുവിന്റെ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ക്ഷേമനിധി ബോർഡും പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ മാത്രം ഒന്നരക്കോടിയുടെ ക്രമക്കേട് കണ്ടെത്തി.
2018 മുതൽ 2021വരെ സംഗീത് ലോട്ടറി ക്ഷേമനിധി ബോർഡിൽ ജോലി ചെയ്തിരുന്നു. ഇതിന് ശേഷം ലോട്ടറി ഡയറക്ടറേറ്റിലേക്ക് മാറുകയായിരുന്നു. പക്ഷെ അപ്പോഴും ബോർഡിന്റെ ചെക്കുകള്‍ ഉപയോഗിച്ച് പണം പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ധനകാര്യ പരിശോധന വിഭാഗം മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ പറഞ്ഞു. മ്യൂസിയം പൊലിസിലാണ് ക്ഷേമനിധി ബോർഡ് പരാതി നൽകിയത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ഇതുവരെ കേസെടുത്തിട്ടില്ല. സംഗീത് ഇപ്പോൾ മറ്റൊരു സംഭവത്തിൽ സസ്പെൻഷിനിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |