ആലപ്പുഴ: ഒരുമാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വിലയിൽ ഒരുരൂപപോലും കിട്ടാതെ വന്നതോടെ വിഷുവിന് കൈനീട്ടം നൽകാൻ പോലും പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടനാട്ടിലെ കർഷകർ. പെസഹവ്യാഴത്തിനും ദുഖവെള്ളിക്കും ശേഷമെത്തുന്ന ഈസ്റ്റർ ആഘോഷത്തിനും കാശില്ല. മാർച്ച് 15ന് ശേഷം ഇന്നലെ വരെ സംഭരിച്ച നെല്ലിന്റെ വില സപ്ളൈകോ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയിട്ടില്ല. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതാണ് കർഷകർക്ക് പി.ആർ.എസ് വായ്പയായുള്ള തുകയുടെ വിതരണം വൈകാൻ കാരണം.
കൈനകരി, ആലപ്പുഴ നഗരസഭ, അമ്പലപ്പുഴ നോർത്ത് കൃഷിഭവൻ പരിധിയിലെ പാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ നെല്ല് പാടത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. മാത്രമല്ല, ഏറ്റവും ഒടുവിൽ വിളവിറക്കിയ കായൽ നിലങ്ങളിലെ നെല്ല് സംഭരണത്തിന് ക്വിന്റലിന് 60 കിലോ വരെ കിഴിവ് മില്ലുകാർ ആവശ്യപ്പെടുന്നതാണ് പുതിയ പ്രതിസന്ധി.
ആലപ്പുഴ നഗരപരിധിയിൽ നെഹ്രുട്രോഫി വാർഡിൽ ഉൾപ്പെട്ട തയ്യിൽക്കായൽ, അഴീക്കൽ, ഇടവഴിക്കൽ, ഭഗവതിപ്പാടം, പൊക്കാക്കായൽ, തിരുമല വാർഡിലെ കരുവേലിപ്പാടം, കൈനകരി കൃഷി ഭവൻ പരിധിയിലെ നടുത്തുരുത്ത്, കന്നിട്ടക്കായൽ, കുപ്പപ്പുറം തുടങ്ങിയ പാടങ്ങളിലാണ് പതിരിന്റെ പേരിൽ മില്ലുകാർ സംഭരണത്തിന് വിസമ്മതിക്കുന്നത്.
വമ്പൻ കിഴിവ് ആവശ്യപ്പെട്ട് മില്ലുകൾ
1.ചില പാടശേഖര സമിതികൾ 22 കിലോ വരെ കിഴിവ് നൽകാമെന്ന് സമ്മതിച്ചെങ്കിലും 60 കിലോകിഴിവാണ് മില്ലുകാർ ആവശ്യപ്പെടുന്നത്.
സപ്ളൈകോയുടെ കണക്ക് പ്രകാരം ഇന്നലെ വരെ 76.85 ശതമാനം വിളവെടുപ്പാണ് പൂർത്തിയായത്
2.സപ്ളൈകോ പാഡി മാർക്കറ്റിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പാടങ്ങൾ സന്ദർശിച്ച് ക്വാളിറ്റി കൺട്രോൾ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നെല്ല് കൈമാറാനുള്ള തീരുമാനം അറിയിച്ചെങ്കിലും അതിനുംവഴങ്ങാതെ വന്നതോടെ 55 മില്ലുകാരുടെയും സഹായം തേടിയതായി പാഡി മാർക്കറ്റിംഗ് ഓഫീസ് പറയുന്നു
3.അപ്പർകുട്ടനാട് മേഖലയായ ഹരിപ്പാട്, ചെന്നിത്തല, വീയ പുരം മേഖലകളിലാണ് ഇനി കൊയ്ത്ത് അവശേഷിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ മികച്ച വിളവുള്ള ഇവിടെ മേയ് ആദ്യവാരത്തോടെ കൊയ്ത്ത് പൂർത്തിയാക്കാനാകും
4. അരിവീഴ്ച കൂടുതലുള്ള നെല്ല് സംഭരിക്കാൻ മില്ലുകാർ മത്സരിക്കെ, പതിർക്കോളിന്റെ പേരിൽ കായൽ നിലങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് കൂടി ഓരോ ലോഡ് വീതം എല്ലാമില്ലുകാരും ഏറ്റെടുക്കണമെന്നാണ് സപ്ലൈകോയുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല
വിളവെടുപ്പ്
പൂർത്തിയായത്:
76.85 ശതമാനം
പതിരിന്റെ പേരിൽ മില്ലുകാർ നെല്ല് സംഭരണത്തിന് വിസമ്മതിക്കുമ്പോൾ കർശന നിലപാട് സ്വീകരിക്കാതെ സപ്ളൈകോ ഒളിച്ചുകളിക്കുകയാണ്. പതിരുള്ള നെല്ല് കൂടി സംഭരിക്കാൻ കൂട്ടാക്കുന്ന മില്ലുകാരെ മാത്രമേ അരിവീഴ്ച കൂടുതലുള്ള നെല്ല് സംഭരിക്കാൻ അനുവദിക്കാവൂ.
- ഹരിലാൽ വി.എസ്.തയ്യിൽകായൽപ്പാടം
സംയുക്തപാടശേഖര സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |