കോഴിക്കോട്: പ്രസിദ്ധമായ വയനാടൻ ചുരത്തിൽ കുരിശിന്റെ വഴി 34-ാമത് ദുഃഖ വെള്ളി ആചരണത്തിന്റെ ഒരുക്കങ്ങളായെന്ന് സംഘാടകർ അറിയിച്ചു. വലിയ നോമ്പിലെ പ്രധാന പുണ്യദിനമായ ദുഃഖ വെള്ളിയിൽ അടിവാരത്തു നിന്ന് രാവിലെ മുതൽ കുരിശുരൂപം ചുംബിച്ച്, കൈപ്പു നീര് രുചിച്ച് വിശ്വാസികൾ ഒരു വരിയായി പ്രാർത്ഥനകൾ ഉരുവിട്ട് ചുരത്തിലെ കാനന പാതയിലൂടെ നടക്കും.
ഗദ്‌സമേൻ ഗ്രോട്ടോയിൽ രാവിലെ 7ന് റവ. ഫാദർ ജോയി ചെറുവത്തൂർ പീഡാനുഭവ പ്രാർത്ഥനകളും സന്ദേശവും നൽകും. 9.30ന് റവ. ഡോ. ജോസി താമരശ്ശേരി ദുഃഖവെള്ളി സന്ദേശം നൽകും. യേശുവിന്റെ ഗാഗുൽത്താ മലയിലേക്കുള്ള പീഡാനുഭവ യാത്രയെ അനുസ്‌മരിച്ച് ഗദ്‌സമേൻ ഗ്രോട്ടോ മുതൽ ലക്കിടി മൗണ്ട് സീനായി ദേവാലയം വരെ ഫാ. തോമസ് തുണ്ടത്തിലിന്റെയും വൈദികരുടേയും സിസ്റ്റർമാരുടെയും നേതൃത്വത്തിൽ 15 കിലോമീറ്റർ ദൈർഘ്യമുള്ള കുരിശിന്റെ വഴി നടക്കും. വലിയ മരക്കുരിശ് വഹിച്ച് യേശുവും, മാതാവും, ശിമയോനും, വേറോനിക്കയും, ഭടന്മാരും, ഭക്ത സ്ത്രീകളും ഉൾപ്പെടുന്ന യഹൂദ വേഷധാരികൾ പങ്കെടുക്കും. ലക്കിടിയിലെത്തിയ ശേഷം സമാപന പ്രാർത്ഥനയും ആശീർവാദവും നേർച്ചക്കഞ്ഞി വിതരണവുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ ഫാ. തോമസ് തുണ്ടത്തിൽ, ഫാദർ അൻവിൻ മണ്ണൂർ, ജോസ് അഗസ്റ്റിൻ കീപ്പുറത്ത്, ടിൻ്റു ജേക്കബ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |