വഖഫ് സ്വത്ത് ഡീനോട്ടിഫൈ ചെയ്താൽ പ്രത്യാഘാതമുണ്ടാകും
ഇന്ന് നിർണായകം, കേന്ദ്രാഭ്യർത്ഥന മാനിച്ച് വാദം
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകളിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച സുപ്രീംകോടതി ഇന്ന് ഇടക്കാല സ്റ്റേ ഉത്തരവിലേക്ക് നീങ്ങാൻ സാദ്ധ്യത. ദീർഘകാലമായി ഉപയോഗിക്കുന്ന വഖഫ് സ്വത്ത് ഡീനോട്ടിഫൈ ചെയ്യുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്നലെ നിരീക്ഷിച്ചു. ഹിന്ദുക്കളുടെ ബോർഡുകളിൽ മുസ്ളിങ്ങളെ നിയമിക്കുമോയെന്ന് ചോദിച്ചു. കോടതി വിധികളെ റദ്ദാക്കാൻ നിയമനിർമ്മാണം കൊണ്ടുവരാൻ കഴിയില്ലെന്നും പറഞ്ഞു. ഇന്നലെ ഒരുവേള ഇടക്കാല ഉത്തരവിലേക്ക് നീങ്ങിയെങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥനമാനിച്ച് ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് തുടർവാദം തീരുമാനിക്കുകയായിരുന്നു. കോടതിയുടെ ആശങ്കയിൽ കേന്ദ്രം ഇന്ന് നൽകുന്ന മറുപടി കേട്ടശേഷമായിരിക്കും ഉത്തരവ്.
പാർലമെന്റ് കൊണ്ടുവരുന്ന പുതിയ നിയമങ്ങളിൽ കോടതി അടിയന്തര സ്വഭാവത്തോടെ സാധാരണ ഇടപെടാറില്ല. എന്നാൽ, വഖഫിൽ സാഹചര്യം വ്യത്യസ്‌തമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു.
നിയമത്തെ എതിർത്തും അനുകൂലിച്ചുമുള്ള 73 ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്. മുസ്ളിം ലീഗ്, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ തുടങ്ങിയവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്‌വി, രാജീവ് ധവാൻ എന്നിവർ നിയമത്തെ എതിർത്തു. വഖഫായി കോടതി പ്രഖ്യാപിച്ചിട്ടുള്ള സ്വത്തും ഡീനോട്ടിഫൈ ചെയ്യാമെന്നത് അനുവദിക്കാനാവില്ല. മുർഷിദാബാദിലെ അക്രമം ആശങ്കപ്പെടുത്തുന്നെന്നും കോടതി പറഞ്ഞു. വഖഫ് കൗൺസിലിലും ബോർഡുകളിലും അംഗങ്ങൾ മുസ്ലിങ്ങളായിരിക്കണം. ഇതര മതക്കാരെ എക്‌സ് ഒഫിഷ്യോ അംഗങ്ങളായി മാത്രം നിയമിക്കാവുന്നതാണെന്നും കോടതി നിർദ്ദേശം വച്ചു.
ആശങ്ക ഇവയിൽ
1. മതപരമോ, ജീവകാരുണ്യപരമോ ആയ കാര്യങ്ങൾക്ക് കാലാകാലങ്ങളായി ഉപയോഗിക്കുന്ന വഖഫ് സ്വത്തുക്കളെ വഖഫ് അല്ലാതാക്കി മാറ്റാൻ കഴിയുന്ന വ്യവസ്ഥ
2. വഖഫ് കൗൺസിലിലും സംസ്ഥാന ബോർഡുകളിലും ഇതര മതസ്ഥർ വരുമ്പോൾ അംഗങ്ങളിൽ ഭൂരിപക്ഷവും മുസ്ലിങ്ങൾ അല്ലാതാകുമോ എന്നത്
3. ജില്ല കളക്‌ടർമാർക്ക് മുകളിലുള്ള ഉദ്യോഗസ്ഥൻ വഖഫ് ഭൂമിതർക്കങ്ങൾ പരിഗണിക്കുന്ന സമയത്ത് അവ വഖഫ് സ്വത്തായി കണക്കാക്കില്ലെന്ന വ്യവസ്ഥ
മറുപടി വേണ്ടത്
വഖഫായി കാലാകാലങ്ങളായി ഉപയോഗിക്കുന്ന സ്വത്തുക്കൾക്ക് രേഖകളുണ്ടാകില്ല. അപ്പോൾ അവയെ രജിസ്റ്റർ ചെയ്യണമെന്ന് എങ്ങനെ വ്യവസ്ഥ വയ്‌ക്കാനാകും ?
ഹിന്ദു ബോർഡുകളിൽ മുസ്ലിമുകളെ അംഗങ്ങളായി നിയമിക്കുമോ ? ഉണ്ടെങ്കിൽ കേന്ദ്രം ഉദാഹരണം പറയണം
100 വർഷം മുൻപ് ഒരു പബ്ലിക് ട്രസ്റ്റിനെ വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴത് വഖഫല്ലെന്ന് പ്രഖ്യാപിക്കുന്നതെങ്ങനെ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |