തൃശൂർ: കാലാവസ്ഥാമാറ്റവും പ്രവചനാതീതമായ കാലവർഷവും ആദിവാസികളുടെ കണക്ക് തെറ്റിക്കുമ്പോൾ കാട്ടിൽ അപകടം പതിയിരിക്കുന്നുവെന്ന് വിദഗ്ദ്ധർ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തവും സമ്മർദ്ദവും ആദിവാസികളാണ് കൂടുതൽ അനുഭവിക്കുന്നത്. ആനകളുടെ സ്വഭാവമാറ്റവും ആദിവാസികളുടെ കാടറിവിൽ കുറവ് വന്നതും ആക്രമണത്തിലേക്ക് നയിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
കാടേറാൻ സമ്മർദ്ദം
തേനീച്ചകൾ കൂട്ടമായി കാട്ടിലെത്തുന്നത് ആദ്യം തുലാവർഷത്തിനുശേഷം ഒക്ടോബറിലായിരുന്നു. കൂടുകൂട്ടിയ ശേഷം ഡിസംബർ, ജനുവരി മാസങ്ങളിലെ പൂക്കാലത്ത് തേൻ ശേഖരിച്ചു വയ്ക്കും. അങ്ങനെ ആദ്യകാലത്ത് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് തുടങ്ങിയ മാസങ്ങളിൽ ഉൾക്കാടുകളിലെത്തി തേൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ ശേഖരിച്ചാൽ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ ഏപ്രിൽ മാത്രമേ ആദിവാസികൾക്ക് തേനും, വനവിഭവങ്ങളും ശേഖരിക്കാൻ കിട്ടുന്നുള്ളൂ. തുലാവർഷം വൈകുന്നതും കാലവർഷം നേരത്തെയാകുന്നതുമാണ് താളം തെറ്റിക്കുന്നത്. ഉൾക്കാടുകളിലേക്ക് കിലോമീറ്ററുകൾ നടന്ന് വിഭവങ്ങൾ ശേഖരിക്കേണ്ടതിനാൽ പലർക്കും രാപ്പകലില്ലാതെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്.
തേനിനൊപ്പം കുന്തിരിക്കം, ജാതിപത്രി എന്നിങ്ങനെയുള്ള വിഭവങ്ങളാണ് ശേഖരിക്കുന്നത്. വനംവകുപ്പിന്റെ വനശ്രീയിലേക്ക് ഇടനിലക്കാരില്ലാതെ നൽകുന്നതിനാൽ നല്ല വരുമാനം ലഭിക്കാറുണ്ടെന്ന് ആദിവാസികൾ പറയുന്നു.
ആര് വെട്ടും അടിക്കാട്..?
അതിരപ്പിള്ളിയിൽ 14ഉം വരന്തരപ്പിള്ളിയിൽ എട്ടും പാണഞ്ചേരിയിൽ ആറും ഉന്നതികളാണുള്ളത്. കാട്ടാന ആക്രമണം പ്രതിരോധിക്കാൻ ഇവിടെയെല്ലാം സോളാർ വേലികളുണ്ടെങ്കിലും പലപ്പോഴും ഷോർട്ടാകാറുണ്ടത്രെ. അടിക്കാട് വെട്ടാതെ പുല്ല് വളർന്ന് സോളാർ വേലിയിലേക്ക് പടരുമ്പോഴാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടാകാറ്. ഇതോടെ ഈ പ്രദേശം ആനകളുടെ വിഹാരകേന്ദ്രമായി മാറും. സോളാർ വേലിയുടെ സംരക്ഷണച്ചുമതല നാട്ടുകാരും വനംവകുപ്പ് അധികൃതരും ഉൾപ്പെട്ട കമ്മിറ്റിക്കാണ്. അടിക്കാട് വെട്ടേണ്ടതും ഈ കമ്മിറ്റിയാണെങ്കിലും പലപ്പോഴും നടക്കാറില്ല. ഇതോടെ ആനയാക്രമണത്തിന് വഴിയൊരുങ്ങും.
കൊല്ലപ്പെടുന്നത് കൂടുതലും ആദിവാസികൾ
വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും ആദിവാസികൾ. കഴിഞ്ഞ 2024-25 സാമ്പത്തിക വർഷത്തിൽ ആനയുടെ ആക്രമണത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 13 പേരും ആദിവാസികളാണെന്നാണ് കണക്ക്. വാച്ചുമരം ഉന്നതിയിൽ ഊരുമൂപ്പന്റെ ഭാര്യയും പീച്ചിയിൽ പ്രഭാകരൻ എന്നയാളും ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കാട്ടിൽ പോകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |