കൊച്ചി: മുനമ്പത്ത് വഖഫുമായി ബന്ധപ്പെട്ട ഭൂമിപ്രശ്‌നത്തിൽ രാഷ്ട്രീയവിവാദങ്ങൾ കൊഴുക്കുന്നതിനിടെ സമരക്കാരും പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങി. ഭൂസംരക്ഷണ സമിതിയിലെ 15 പ്രതിനിധികളുമായി ഈസ്റ്ററിനുശേഷം പ്രധാനമന്ത്രി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചതായി സമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി പറഞ്ഞു. പ്രശ്‌നത്തിന് 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജുവും ഉറപ്പുനൽകി. ചൊവ്വാഴ്ച വൈകിട്ട് മുനമ്പത്തുനടന്ന സമ്മേളനത്തിനുശേഷം വികാരി ഫാ. ആന്റണി സേവ്യർ തറയിലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റിജിജു ഇക്കാര്യം അറിയിച്ചത്. പാവപ്പെട്ട കുടുംബങ്ങളുടെ ഭൂമി വീണ്ടെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വഖഫ് ഭേദഗതിനിയമം പാസാക്കിയടതടക്കം കേന്ദ്രസർക്കാർ ഓരോഘട്ടത്തിലും സ്വീകരിച്ച നടപടികൾ മന്ത്രി വിശദീകരിച്ചു.
ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി റിജിജു പറഞ്ഞ ചില കാര്യങ്ങൾ വിവാദമായിരുന്നു. കോടതിയിലിരിക്കുന്ന വിഷയമായതിനാൽ നിയമപോരാട്ടം തുടരേണ്ടിവരുമെന്ന പരാമർശം മുൻനിലപാടുകളിൽനിന്നുള്ള മലക്കം മറിച്ചിലാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്.
മന്ത്രിയുടെ പരാമർശം ഭൂസംരക്ഷണസമിതിയിലും അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതുബോദ്ധ്യപ്പെട്ട മന്ത്രി പൊതുസമ്മേളനത്തിൽ അതിൽ വ്യക്തത വരുത്തി. പാവപ്പെട്ട കുടുംബങ്ങളുടെ ഭൂമി വീണ്ടെടുത്തുനൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ചു. വഖഫ് നിയമത്തിന്റെ ചട്ടങ്ങൾക്കു രൂപം നൽകിയാലുടൻ മുനമ്പം നിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ആശങ്ക മാറിയില്ല, സമരം തുടരും
നിയമം പാസായെങ്കിലും ലക്ഷ്യം നേടുംവരെ സമരം തുടരുമെന്ന് ഭൂസംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു. കേന്ദ്രസർക്കാരിൽ പ്രതീക്ഷയുണ്ട്. സമരം ഇന്നലെ 186 ദിവസം പിന്നിട്ടു. പുതിയ വഖഫ്നിയമം പാസായെങ്കിലും മുനമ്പം ഭൂമിപ്രശ്‌നത്തിന് ശാശ്വതപരിഹാരം നീളുമെന്ന ആശങ്ക സിറോ മലബാർസഭയ്ക്കുണ്ട്. നിയമം പാസാകുന്നതോടെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് സഭാവക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. പ്രശ്‌നം പരിഹരിക്കുംവരെ മുനമ്പം നിവാസികൾക്ക് ഭരണപരവും നിയമപരവുമായ പിന്തുണ കേന്ദ്രസർക്കാർ നൽകുമെന്ന് കേന്ദ്ര മന്ത്രി വാഗ്ദാനം ചെയ്തത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |