കൊല്ലം: ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ഉമയനല്ലൂർ സ്വദേശിനിയിൽ നിന്ന് 5 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിദേശ പൗരൻ പൊലീസിന്റെ പിടിയിലായി. നൈജീരിയൻ സ്വദേശിയായ മാത്യു എമേക്കായെ (30) ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം.
യു.കെയിൽ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിനിയുമായി ഇയാൾ ഓൺലൈനിലൂടെ സൗഹൃദം സ്ഥാപിച്ചു. തുടർന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ യുവതിയുടെ പേരിൽ അയച്ചിട്ടുണ്ടെന്നും അത് ഡൽഹിയിൽ കൊറിയർ സർവീസിൽ എത്തിയിട്ടുണ്ടെന്നും അത് കൈപ്പറ്റുന്നതിന് 45,000 രൂപ അടക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് പ്രതി നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് യുവതി പണം കൈമാറുകയായിരുന്നു. ഇത്തരത്തിൽ യുവതിയെ പലപ്പോഴായി നുണകൾ പറഞ്ഞ് വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും 4,90,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പിന്തുടർന്ന് ഡൽഹിയിലെത്തിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ സമാനമായ കുറ്റത്തിന് ഡൽഹി പൊലീസും തുടർന്ന് വയനാട് അമ്പലവയൽ പൊലീസും അറസ്റ്റ് ചെയ്തിട്ടുള്ളതായും തുടർന്ന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച പ്രതിയെ സാമൂഹ്യ നീതി വകുപ്പിൻറെ കീഴിൽ കൊട്ടിയത്ത് പ്രവർത്തിക്കുന്ന ട്രാൻസിറ്റ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണെന്നും കണ്ടെത്തി. തുടർന്ന് ഇയാളെ ട്രാൻസിറ്റ് ഹോമിൽ നിന്ന് കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം എസ്.എച്ച്.ഒയുടെ ചാർജ് വഹിക്കുന്ന ചാത്തന്നൂർ ഇൻസ്‌പെക്ടർ അനൂപിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ നിതിൻ നളൻ, പ്രമോദ്, മിനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |