കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പുറത്താക്കാനൊരുങ്ങി താരസംഘടനയായ അമ്മ. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് ഷൈൻ ടോം ആണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഷൈനിനെതിരെ ഫിലിം ചേമ്പറിനും അമ്മയ്‌ക്കും വിൻസി പരാതി നൽകിയിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഷൈൻ മോശമായി പെരുമാറിയത്. നടിയുടെ പരാതി പരിഗണിക്കാൻ തിങ്കളാഴ്‌ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റി അടിയന്തര യോഗം ചേരും.
വിൻസിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നടി പത്മപ്രിയ, നടൻ വിനു മോഹൻ, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവർ രംഗത്തെത്തി. വിൻസി അമ്മ സംഘടനയുടെ ഭാഗമല്ലെങ്കിലും നടിക്ക് പിന്തുണ അറിയിച്ചുവെന്നും പരാതി നൽകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നതായും വിനു മോഹൻ പറഞ്ഞു.
'കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ലഹരി ഉപയോഗിച്ച് പോകാൻ കഴിയുമോ? അതുപോലെ എന്തുകൊണ്ട് സിനിമയിൽ ഒരു നിയമം വരുന്നില്ല. സെറ്റിൽ കർശനമായ നിർദേശങ്ങൾ നൽകി ലഹരി ഉപയോഗം തടയേണ്ടത് സംവിധായകനും നിർമാതാവും ഒക്കെയാണ്. എന്തുമാകാം എന്നാകുന്ന സാഹചര്യത്തിലാണ് ഇതുപോലെ ഉണ്ടാകുന്നത്', അഞ്ജലി മേനോൻ പറഞ്ഞു.
'ഇന്ന് വിൻസിയെപ്പോലുള്ളവർ വന്ന് സംസാരിക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. സിനിമാ സെറ്റും ഒരു തൊഴിലിടമാണ്. മറ്റ് മേഖലകൾ പോലെതന്നെ അച്ചടക്കം ഇവിടെയും ആവശ്യമാണ്. സർക്കാർ ഉൾപ്പെടെ ഇടപെട്ട് സുരക്ഷ ഉറപ്പാക്കണം', പത്മപ്രിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |