പാലക്കാട്: ജില്ലയിൽ രണ്ടാം വിള നെല്ല് സംഭരണം പുരോഗമിക്കുന്നു. ഈ മാസം ഒമ്പത് മുതൽ 15 വരെയുള്ള കണക്കുപ്രകാരം 8340.4 ടൺ നെല്ലാണ് സപ്ലൈക്കോ അളന്നത്. ഇതോടെ 34,580 കർഷകരിൽ നിന്നായി രണ്ടാംവിളയിലെ ആകെ നെല്ല് സംഭരണം 56,820.4 ടൺ ആയി. രണ്ടാംവിളയ്ക്ക് 1.25 ലക്ഷം ടൺ നെല്ലെടുക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. 65,135 കർഷകരാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 43 മില്ലുകൾ നെല്ലെടുക്കാൻ കരാറായിരുന്നു. 51,801 ടൺ നെല്ല് മില്ലുകാർക്കായി നൽകി. ആകെ സംഭരിക്കാൻ ലക്ഷ്യമിടുന്നതിന്റെ 40 ശതമാനം വരുമിത്. വേനൽമഴ ജില്ലയിലെ പലയിടത്തും കൊയ്ത്തിനെ ബാധിച്ചിട്ടുണ്ട്. കൊയ്ത നെല്ല് നനഞ്ഞുപോകുന്നതിനാൽ ഉണക്കാനും കൂടുതൽ സമയം ആവശ്യമായി വരുന്നുണ്ടെന്ന് കർഷകർ പറയുന്നു. പാടങ്ങളിൽ വെള്ളം നിറഞ്ഞ് യന്ത്രം ഇറക്കാനാകാത്ത അവസ്ഥ ചില മേഖലകളിലുണ്ട്. വിഷു, ഈസ്റ്റർ അവധികൾ അടുത്തടുത്ത് വന്നതും തിരിച്ചടിയാണ്. കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം പരമാവധി വേഗം നെല്ല് സംഭരിക്കാനും തുക നൽകാനുമാണ് ശ്രമമെന്ന് ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു.
കഴിഞ്ഞ വർഷം സംഭരിച്ചത് 1.178 ലക്ഷം മെട്രിക് ടൺ
കഴിഞ്ഞ വർഷം ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണം പൂർത്തിയായപ്പോൾ ആകെ 1.178 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. 62,243 കർഷകരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 56,983 കർഷകരിൽ നിന്ന് നെല്ലെടുത്തു. ആലത്തൂർ താലൂക്കിൽ നിന്നാണ് കൂടുതൽ നെല്ല് സംഭരിച്ചത്. 40,181 മെട്രിക് ടൺ. ചിറ്റൂരിൽ നിന്ന് 29,111 മെട്രിക് ടണ്ണും പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ നിന്നായി 48,604 മെട്രിക് ടൺ നെല്ലും സംഭരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |