കൊച്ചി: എറണാകുളം, ഇടുക്കി മലയോര മേഖലയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യങ്ങൾക്കൊടുവിൽ മൂന്നാർ രാജപാതയിലേക്കുള്ള സ്വപ്നദൂരം കുറയുമെന്നു പ്രതീക്ഷ. ദൂരം 21 കിലോമീറ്റർ കുറയ്ക്കുന്ന, കുത്തനെ കയറ്റമില്ലാത്ത ഈ പാതയുടെ സാദ്ധ്യതകൾ, പ്രശ്‌നങ്ങൾ എന്നിവ പരിശോധിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകാൻ ഫോറസ്റ്റ് പ്രിൻസിപ്പൽ കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്‌മെന്റ്) രാജേഷ് രവീന്ദ്രനെ സർക്കാർ ചുമതലപ്പെടുത്തി. പാത തുറക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 16ന് പൂയംകുട്ടിയിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ്പ് ജോർജ് പുന്നക്കോട്ടിൽ, ഡീൻ കുര്യാക്കോസ് എം.പി, ആന്റണി ജോൺ എം.എൽ.എ എന്നിവരടക്കമുള്ളവർക്ക് എതിരായ കേസിൽ തുടർനടപടി സ്വീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
പണിയണം പുതിയ പാലങ്ങൾ
രാജഭരണകാലത്ത് നിർമ്മിച്ച റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ്. കൊടുങ്ങല്ലൂരിനെ മധുരയുമായി ബന്ധിപ്പിക്കുന്ന ഈ പരമ്പരാഗത വ്യാപാരപാത 1924ൽ പ്രളയത്തിൽ തകരുകയായിരുന്നു. കരിന്തിരിയിലടക്കം പല മേഖലകളിലും റോഡ് തകർന്നെങ്കിലും ഏതാനും മാസങ്ങൾകൊണ്ട് പുനർനിർമ്മിക്കാനാവുമെന്ന് റോഡ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഷാജി പയ്യാനിക്കൽ പറയുന്നു. തോളുനടയിൽ 42 മീറ്റർ നീളത്തിലും കുഞ്ചിയാറിൽ 62 മീറ്റർ നീളത്തിലും പാലങ്ങൾ നിർമ്മിക്കേണ്ടിവരും. പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള 26 കിലോമീറ്റർ റോഡ് മലയാറ്റൂർ-മൂന്നാർ വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്.
ഓൾഡ് ആലുവ-മൂന്നാർ പാത കോതമംഗലം ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിച്ച് മലയിൻകീഴ്, ചേലാട്, കീരംപാറ, പുന്നേക്കാട്, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പീണ്ടിമേട്, തോളുനട, കുഞ്ചിയാർ കുന്ത്രപ്പുഴ, കുറത്തിക്കുടി, പെരുമ്പൻ കുത്ത്, 50ാം മൈൽ, നല്ല തണ്ണി, കല്ലാർ ടീ എസ്റ്റേറ്റ് വഴിയാണ് മൂന്നാറിൽ എത്തുക.
നേട്ടങ്ങൾ
കുട്ടമ്പുഴ, അടിമാലി, മാങ്കുളം, കേരളത്തിലെ ഏക ട്രൈബൽ ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി, കുറത്തിക്കുടി ട്രൈബൽ കോളനി എന്നിവിടങ്ങളിലെ താമസക്കാർക്ക് ഗതാഗത സൗകര്യം വർദ്ധിക്കും.
കാർഷിക മേഖലയ്ക്കും ഗുണകരം.
വിദേശികളടക്കം ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾക്ക് പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച് യാത്ര ചെയ്യാം
ബാദ്ധ്യതയാകില്ലെന്ന് പ്രതീക്ഷ
പിണ്ടിമേട് ടണൽപ്പടി മുതൽ കുറത്തിക്കുടി വരെയുള്ള 14 കി.മീറ്റർ കൂടി പൂർത്തിയായാൽ മാങ്കുളം വരെ ഗതാഗതയോഗ്യമാകും.
പൂയംകുട്ടി മുതൽ പിണ്ടിമേട് ടണൽപടിവരെ 9 കി.മീറ്റർ വൈദ്യുത പദ്ധതിക്കായി 1980ൽ കെ.എസ്.ഇ.ബി ഏറ്റെടുത്ത് 10-12 മീറ്റർ വീതിയിൽ മെറ്റൽ വിരിച്ചിട്ടുണ്ട്. ഈ റോഡിന് ഒരു തകരാറുമില്ല.
മാങ്കുളം വൈദ്യുത പദ്ധതിക്കായി പെരുമ്പൻകുത്ത് മുതൽ കുറത്തിക്കുടി വരെയുള്ള 5 കി.മീറ്റർ കെ.എസ്.ഇ.ബി ഏറ്റെടുത്ത് റോഡ് പൂർത്തിയാക്കിയിട്ടുണ്ട്. ഈ മേഖലയിൽ ശേഷിക്കുന്നത് 14 കിലോമീറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |