ആലപ്പുഴ: നിയമത്തെ വെല്ലുവിളിച്ച് ജില്ലയൊട്ടാകെ ഭൂമി കൈയേറ്റവും തണ്ണീർത്തടം നികത്തലും വ്യാപകമായതായി ആക്ഷേപം. കൈയേറ്റക്കാരെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം എച്ച്.സലാം എം.എൽ.എ ആരോപിച്ചിരുന്നു.
വെള്ളപ്പൊക്കം കാര്യമായി ബാധിക്കാത്ത ചേർത്തല താലൂക്കിലേക്ക് വലിയ തോതിലാണ് പ്രളയശേഷം കുട്ടനാട്ടിൽ നിന്ന് ജനങ്ങൾ കുടിയേറുന്നത്. എറണാകുളം ജില്ലയുടെ ശേഷി കഴിഞ്ഞതിനാൽ അയൽപ്രദേശങ്ങളിക്ക് ഭൂമാഫിയ പ്രവർത്തനം വ്യാപിപ്പിച്ച് അനധികൃത നികത്തലുകൾ തകൃതിയായി നടത്തുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ചേർത്തലയാണ് ഇതിൽ പ്രധാനം.
ഇവിടെ തണ്ണീർത്തടങ്ങൾ അപ്രത്യക്ഷമായി, കൂറ്റൻ ഫ്ലാറ്റുകൾ തലപൊക്കി തുടങ്ങി. വയലുകളും നീർച്ചാലുകളും കുളങ്ങളും മറ്റു ഭൂപ്രകൃതി സവിശേഷതകളുമാണ് ചേർത്തലയിൽ വെള്ളപ്പൊക്കം കാര്യമായി ബാധിക്കാത്തതിന് പിന്നിൽ. എന്നാൽ സമീപകാലത്തായി വിവിധ വില്ലേജുകളിലായി നൂറുകണക്കിന് അനധികൃത നിലം നികത്തു കേസുകളാണ് വില്ലേജ് ഓഫീസിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. വസ്തു ഉടമകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി മഹസ്സറെഴുതി മേലധികാരികൾക്ക് റിപ്പോർട്ടുചെയ്യുന്ന വില്ലേജ് ഓഫീസർമാരെ വെല്ലുവിളിച്ച് വീണ്ടും പൂഴിയടിച്ചു നീർത്തടങ്ങൾ നികത്തുന്നതായി ആക്ഷേപമുണ്ട്.
കൈയേറ്റവും വ്യാപകം
റിസോർട്ടുകൾ പുറമ്പോക്ക് ഭൂമി കയ്യേറുന്നതായി പരാതി ഉയരുന്നു
തദ്ദേശസ്ഥാപനങ്ങളുടെ അനുമതി പോലും വാങ്ങാതെ നിർമ്മാണം നടത്തുന്നുണ്ട്
പുന്നമടയിൽ 4.62 സെന്റ് ഭൂമി തിരിച്ചുപിടിക്കാൻ 2019ൽ സബ് കളക്ടറിട്ട ഉത്തരവ് പാലിക്കപ്പെട്ടില്ല
ആലപ്പുഴ നഗരത്തിലടക്കം നിർച്ചാലുകൾ മൂടപ്പെട്ടത് മൂലം വെള്ളക്കെട്ടുകൾ വ്യാപകമായി
റവന്യു വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ അനധികൃതമായി നികത്തിയ സ്ഥലങ്ങൾ
215
നികത്തിയ തണ്ണീർത്തടങ്ങൾ
പൂർവ്വസ്ഥിതിയിലാക്കാം
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ചട്ടം 13 പ്രകാരം രൂപാന്തരപ്പെടുത്തിയ നെൽവയലോ തണ്ണീർത്തടമോ റെക്ലമഷൻ ചെയ്യുവാൻ (പൂർവസ്ഥിതീയിൽ കൊണ്ടുവരുവാൻ) ജില്ലാ കളക്ടർക്ക് അധികാരമുണ്ട്. നികത്തിയ തണ്ണീർതടങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ ജില്ലാഭരണകൂടത്തിനു കഴിയുമെങ്കിലും ആ ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നില്ല. നിലം പൂർവ്വസ്ഥിതിയിലാക്കാൻ ചെലവാകുന്ന തുക വസ്തു ഉടമയിൽ നിന്നും ഈടാക്കാനും ചട്ടമുണ്ട്.
നിലംനികത്തിയാൽ
കുറ്റം തെളിയുന്നപക്ഷം 6 മാസത്തിൽ കുറയാത്തതും മൂന്ന് വർഷം വരെ ആകാവുന്നതുമായ ജയിൽ ശിക്ഷയും 50000 രൂപയിൽ കുറയാത്തതും ഒരുലക്ഷംരൂപയിൽ കൂടാത്തതുമായ പിഴയും
നിയമം അനുശാസിക്കുന്നവിധം കുറ്റക്കാർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കാത്തതുകൊണ്ടാണ് വില്ലേജ് ഓഫീസർമാർ നൽകുന്ന സ്റ്റോപ്പ് മെമ്മോ കാറ്റിൽ പറത്തി വസ്തുഉടമകൾ നികത്തൽ തുടരുന്നത്. നിയമം കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട്റവന്യു മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി
-ചന്ദ്രദാസ് കേശവപിള്ള, സാമൂഹ്യ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |