കോഴിക്കോട്: ആരോഗ്യ കേന്ദ്രങ്ങളിലെ ഫാർമസിസ്റ്റുകളുടെ കുറവ് മൂലം മരുന്നു വിതരണം തടസപ്പെടുന്നതായി ആക്ഷേപം. മരുന്നു വിതരണം കാര്യക്ഷമമാക്കാൻ സ്ഥിരം ഫാർമസിസ്റ്റുകൾക്കു പുറമെ താത്കാലികക്കാരെയും നിയമിക്കാറുണ്ട്.
എന്നാൽ താത്കാലിക ഫർമസിസ്റ്റുകളെ നിയമിക്കുന്ന ഉത്തരവിലെ അവ്യക്തതയാണ് പ്രശ്നമാകുന്നത്. ഒരു ഫാമിലി ഹെൽത്ത് സെന്റിറൽ ഒരു ഡോക്ടറെയും ഒരു പാര മെഡിക്കൽ സ്റ്റാഫിനെയും മാത്രമേ നിയമിക്കാവൂ എന്നാണ് പുതിയ ഉത്തരവ്. പാര മെഡിക്കൽ സ്റ്റാഫ് ആരായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ല. പലയിടങ്ങളിലും ഫാർമിസ്റ്റുകൾക്കു പകരം ലാബ് ടെക്നീഷ്യന്മാരെയാണ് നിയമിക്കുന്നത്. ഇതേത്തുടർന്നാണ് മരുന്നു വിതരണം തടസപ്പെടുന്നത്. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളിൽ. രാവിലെ ഒമ്പതു മുതൽ വെെകിട്ട് ആറു വരെ ഒ.പി പ്രവർത്തിക്കുന്നുണ്ടെങ്കിലും നല്ല തിരക്കുള്ള സമയങ്ങളിൽ മരുന്നുവിതരണം ബുദ്ധിമുട്ടാകുന്നുവെന്ന് ഫാർമസിസ്റ്റുകൾ പറയുന്നു.
വേണ്ടത്ര ഫാർമസിസ്റ്റുകളുടെ അഭാവത്തിൽ മറ്റ് ജീവനക്കാരും മരുന്നുവിതരണം നടത്തുന്നതായും ആക്ഷേപമുണ്ട്. നിയമപ്രകാരം ഇത് അനുവദനീയമല്ല. ഡോക്ടർമാർക്കോ ഫാർമസിസ്റ്റുകൾക്കോ മാത്രമാണ് മരുന്നു വിതരണം ചെയ്യാൻ അനുവാദം. മറ്റുള്ളവർ വിതരണം ചെയ്യുന്നത് മരുന്ന് മാറിപ്പോകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. മരുന്ന് മാറിപ്പോയാൽ ഉത്തരവാദിത്വം ഫാർമിസിസ്റ്റിന്റേണ്.
സ്ഥിരം ഫാർമസിസ്റ്റ് അവധിയായിരിക്കുമ്പോഴും മരുന്നു വിതരണം പ്രതിസന്ധിയിലാകുന്നു.
മുമ്പ് രണ്ട് പാരാ മെഡിക്കൽ സ്റ്റാഫിനെ നിയമിക്കാമായിരുന്നു. മിക്കവാറും അതിലൊരാൾ ഫാർമസിസ്റ്റായിരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ തസ്തിക അനുവദിക്കുക, ഇ.എസ്.ഐ. സ്റ്റോറുകളിൽ മരുന്നു വിതരണം കാര്യക്ഷമമാക്കാൻ സ്റ്റോർ സൂപ്രണ്ട് തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യവും ശക്തമാണ്.
പ്രശ്നം സാമ്പത്തിക പ്രതിസന്ധി
തദ്ദേശ സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ താത്കാലിക ജീവനക്കാരെ നിയമിച്ച് ശമ്പളം നൽകുന്നത്. സാമ്പത്തിക പ്രശ്നത്തെ തുടർന്നാണ് എണ്ണം കുറച്ചതെന്നാണ് വിവരം. ഉത്തരവിലെ അവ്യക്തത മാറ്റി പ്രശ്നം പരിഹരിക്കണമെന്ന് കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ
സംസ്ഥാനത്ത് 663
കോഴിക്കോട്ട് 70
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |