അമിത വണ്ണമുള്ളവരിൽ 35%
തിരുവനന്തപുരം: സംസ്ഥാനത്ത് പൊണ്ണത്തടിയുള്ള 9-12 പ്രായമുള്ള 65% കുട്ടികൾക്കും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറെന്ന് പഠന റിപ്പോർട്ട്. ഇതേപ്രായക്കാരിൽ അമിതവണ്ണമുള്ളവരിൽ 35%നും ഫാറ്റിലിവറുണ്ട്. ബോഡി മാസ് ഇൻഡക്‌സ് 25നും 29.9നും ഇടയിലുള്ളവരാണ് അമിത വണ്ണക്കാർ. 30ൽ കൂടുതലാണെങ്കിൽ പൊണ്ണത്തടി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രി പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം 2020 മുതൽ നടത്തിയ പഠനത്തിലാണിത്.
തെറ്റായ ഭക്ഷണരീതി,വ്യായാമമില്ലായ്മ,ടിവി,മൊബൈൽ തുടങ്ങിയവയുടെ അമിത ഉപയോഗമാണ് വില്ലനാകുന്നത്. ഫാറ്റിലിവർ ബാധിച്ചാൽ ലിവർ സിറോസിസിനും ലിവർ ക്യാൻസറിനും വഴിവയ്ക്കും. ഒടുവിലത് ലിവർ മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തും. മുതിർന്നവരിൽ മദ്യപാനം ഉൾപ്പെടെയുള്ള ദു:ശീലങ്ങളുള്ളവരിലാണ് ഫാറ്റി ലിവർ സാധാരണ കാണുന്നത്. ശരിയായ ഭക്ഷണ രീതിയിലൂടെ ഫാറ്റിലിവറിനെ പ്രതിരോധിക്കാം. 'ഭക്ഷണമാണ് മരുന്ന്' എന്നതാണ് ഇത്തവണ ലോക കരൾ ദിന സന്ദേശം.
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കുട്ടികളുടെ ഏക ഗ്യാസ്ട്രോ എന്ററോളജി വിഭാഗമാണ് എസ്.എ.ടിയിലേത്. 10 വർഷത്തിനിടെ ഇവിടെ 526കുട്ടികൾക്കാണ് വിട്ടുമാറാത്ത കരൾ രോഗങ്ങൾ കണ്ടെത്തിയത്. ഇതിൽ 95പേർക്ക് ഗുരുതരമായിരുന്നു.60പേർക്ക് കരൾ മാറ്റിവയ്ക്കേണ്ടി വന്നു.
ഉദര,കരൾ രോഗത്തിന്
ചികിത്സതേടിയ കുട്ടികൾ
(എസ്.എ.ടിയിൽ, 5വർഷത്തെ കണക്ക്)
2020..................1307(കൊവിഡ്കാലം)
2021..................2858(കൊവിഡ്കാലം)
2022.................3883
2023.................4366
2024.................4260
2025.................1100(മാർച്ച് വരെ)
ലക്ഷണങ്ങൾ
ക്ഷീണം,വയറിന്റെ മുകളിൽ വലതുവശത്ത് വേദന,അസ്വസ്ഥത
ഓക്കാനം,ഭാരം കുറയൽ. ചിലപ്പോൾ മഞ്ഞപ്പിത്തം.
രോഗം മൂർച്ഛിക്കുമ്പോഴാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്
പ്രതിരോധം
പഴങ്ങൾ,പച്ചക്കറികൾ,ധാന്യങ്ങൾ,പ്രോട്ടീൻ എന്നിവ ഉൾപ്പെടുന്ന സമീകൃത ആഹാരം കഴിക്കുക
പഞ്ചസാരയുടെ അളവ് കുറയ്ക്കണം.മധുരപാനീയങ്ങളും, മിഠായികളും പരിമിതപ്പെടുത്തണം
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം
ഒരുമണിക്കൂറെങ്കിലും ദിവസവും വ്യായാമം നിർബന്ധമാക്കണം
ടിവി,മൊബൈൽ,കമ്പ്യൂട്ടർ എന്നിവയിൽ അമിത സമയം ചെലവഴിക്കരുത്
ഉയരത്തിനും പ്രായത്തിനും അനുയോജ്യമായ രീതിയിൽ ഭാരം നിലനിറുത്തണം
''കുട്ടികൾക്ക് ശരിയായ ഭക്ഷണം നൽകേണ്ടതും വ്യായാമത്തിൽ ഏർപ്പെടാനുള്ള അവസരങ്ങളുണ്ടാക്കേണ്ടതും അവരെ ഫാറ്റിലിവറിൽ നിന്ന് സംരക്ഷിക്കേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്
-ഡോ.പ്രശാന്ത്.കെ.എസ്,
അസോസിയേറ്റ് പ്രൊഫസർ,
പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി,
എസ്.എ.ടി, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |