പത്തനംതിട്ട : ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പൂർത്തികരിച്ചത് 13443 വീടുകൾ. ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചവരുടെ 1194 വീടുകളിൽ 1176 എണ്ണം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ 2056 വീടുകൾ നിർമ്മിച്ചു. 48 വീടുകൾ നിർമ്മാണത്തിലാണ്. മൂന്നാം ഘട്ടത്തിൽ ഭൂരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ജില്ലയിൽ ഭൂമിയും വീടും ഇല്ലാത്ത 1149 ഗുണഭോക്താക്കളിൽ 974 പേരുടെ ഭവന നിർമ്മാണം പൂർത്തിയായി. 175 വീടുകൾ നിർമ്മാണഘട്ടത്തിലാണ്. പി. എം. എ (അർബൻ) 1882 ഭവനങ്ങളും പി. എം. എ (ഗ്രാമീൺ) 1411 ഭവനങ്ങളും എസ്.സി, എസ്.ടി, മൈനോറിറ്റി വിഭാഗങ്ങളിലായി 1337 ഭവനങ്ങളും പൂർത്തീകരിച്ചു.
ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിന്റെ പട്ടികയിൽ ഉൾപ്പെടാത്ത പട്ടികജാതി, പട്ടിക വർഗ, മത്സ്യതൊഴിലാളി ഗുണഭോക്താക്കളിൽ 1372 പേർക്ക് ഭവനനിർമ്മാണം പൂർത്തിയാക്കി. 370 വീടുകൾ നിർമ്മാണഘട്ടത്തിലാണ്. ലൈഫ് 2020 ൽ 3235 ഭവനനിർമ്മാണം പൂർത്തീകരിച്ചു. 1443 ഭവനങ്ങൾ നിർമ്മാണഘട്ടത്തിലാണ്.
3ലൈഫ് ടവറുകൾ
പന്തളം നഗരസഭയിൽ രണ്ടും അടൂരിൽ ഒന്നും ലൈഫ് ടവറുകൾ ജില്ലയിൽ അനുവദിച്ചിട്ടുണ്ട്. പന്തളം നഗരസഭയിൽ 32 യൂണിറ്റുള്ള നാല് നില കെട്ടിടവും 12 യൂണിറ്റിന്റെ മൂന്ന് നില കെട്ടിടവുമാണുള്ളത്. അടൂരിലെ ലൈഫ് ടവറുകളുടെ നിർമ്മാണം 2020ൽ നിലച്ചു. നിർമ്മാണ സാമഗ്രികൾക്ക് വില കൂടിയപ്പോൾ കരാറുകാരൻ ഫണ്ട് കൂട്ടി ചോദിച്ചതുമായി ബന്ധപ്പെട്ട് പണി മുടങ്ങിയത് പിന്നീട് ആരംഭിച്ചിട്ടില്ല.
ലൈഫ് മിഷൻ
ജില്ലയിൽ അർഹരായ മുഴുവൻ ഭവനരഹിതർക്കും കിടപ്പാടം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വികസന പദ്ധതിയാണ് ലൈഫ് മിഷൻ. 2016 ൽ ആണ് സംസ്ഥാനത്ത് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. നാല് ലക്ഷം രൂപയാണ് പദ്ധതിക്കായി നൽകുന്നത്. പട്ടിക വർഗത്തിന് ആറ് ലക്ഷം ലഭിക്കും. സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്തുകളും ചേർന്നാണ് ഫണ്ട് നൽകുന്നത്. ഫണ്ടില്ലാത്ത പഞ്ചായത്തുകൾ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്
2016 മുതൽ ഇതുവരെ
സംസ്ഥാന സർക്കാർ നൽകിയ തുക : 64.21 കോടി
ഹഡ്കോ വായ്പ നൽകിയ തുക : 75.64
ലൈഫ് മിഷൻ നിർമ്മാണത്തിലിരിക്കുന്ന വീടുകൾ ഉടൻ പൂർത്തീകരിക്കും.
സി.പി രാജേഷ് കുമാർ (ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |