ന്യൂഡൽഹി: എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഭാര്യ മഞ്ജുഷയുടെ ഹർജി സുപ്രീംകോടതി തള്ളി. കേരള ഹൈക്കോടതി ആവശ്യം തള്ളിയതിനു പിന്നാലെയാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ കേസും സി.ബി.ഐക്ക് വിടാനാകില്ലെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ,കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പ്രതിയായ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. ആ മട്ടിൽ പ്രത്യേക സംഘം അന്വേഷിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യവും കോടതി കണക്കിലെടുത്തു. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് കേസ് സി.ബി.ഐക്ക് വിടണമെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയൽ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോഴത്തെ അന്വേഷണത്തിൽ തനിക്കും കുടുംബത്തിനും വിശ്വാസമില്ല. ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നത് അന്വേഷിക്കുന്നില്ലെന്നും,ഇൻക്വസ്റ്റ് - പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതും എതിർത്തു. 2024 ഒക്ടോബറിലാണ് നവീനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം പ്രതിയായ ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്ത് എ.ഡി.എം ആത്മഹത്യ ചെയ്‌തുവെന്നാണ് കുറ്റപത്രം.
പ്രതീക്ഷ നഷ്ടപ്പെട്ടു: കുടുംബം
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിയതിൽ കടുത്ത നിരാശയെന്ന് നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ അഡ്വ. പ്രവീൺ ബാബുവും കേരളകൗമുദിയോട് പറഞ്ഞു. സുപ്രീംകോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നു. അത് നഷ്ടപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |