പാറശാല: പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ നടന്ന ശസ്ത്രക്രിയയുടെ ദൃശ്യം പകർത്തിയ താൽക്കാലിക ജീവനക്കാരനെ അന്വേഷണവിധേയമായി 30 ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റിനിറുത്തി.
കഴിഞ്ഞ ഒരാഴ്ച മുൻപ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയുടെ ദൃശ്യം ഫോണിൽ പകർത്തിയ ഓപ്പറേഷൻ തിയേറ്ററിലെ അനസ്തീഷ്യ ടെക്നിഷ്യനെയാണ് സൂപ്രണ്ട് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയയുടെ ദൃശ്യം ഫോണിൽ പകർത്തുന്നത് തിയേറ്റർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ, ഹെഡ് നഴ്സ് എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. തുടർന്ന് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന പ്രാഥമികാന്വേഷണത്തിൽ ആശുപത്രി ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. ആശുപത്രി വികസന സമിതി മുഖേന നിയമിതനായ ടെക്നീഷ്യനെതിരെ നടക്കുന്ന വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജോലിയിൽ നിന്നും മാറ്റി നിറുത്തിയത്. തുടർ അന്വേഷണത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് നിത എസ്.നായർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |