കൊച്ചി: ദുബായിലെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബി.ജെ.പി. എറണാകുളം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര, കൊല്ലം സ്വദേശിനി സിനി (നന്ദന വർമ്മ) എന്നിവർക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. പള്ളിക്കര വെമ്പിള്ളി മലയാരിപറമ്പിൽ രഞ്ജിത് കൃഷ്ണനാണ് പരാതിക്കാരൻ.
ഒരു വർഷം മുമ്പ് മനോജ് പറഞ്ഞതനുസരിച്ച് സിനിയുടെ കൊല്ലം തൃക്കോവിൽവട്ടത്തെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചെങ്കിലും ജോലി ലഭിക്കുകയോ പണം തിരിച്ചു നൽകുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. മനോജുമായി പലവട്ടം സംസാരിച്ചെങ്കിലും ഒഴിഞ്ഞുമാറി. രഞ്ജിത്തിനൊപ്പം തട്ടിപ്പിനിരയായ മറ്റ് എട്ടു പേർ ഒന്നിച്ച് റൂറൽ എസ്.പി.ക്ക് നൽകിയ പരാതി അതത് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. മറ്റുള്ളവർ ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല. രഞ്ജിത് മൊഴി നൽകുന്നതിനെതിരെ സമ്മർദ്ദമുണ്ടായെന്ന് പിതാവ് രാധാകൃഷ്ണൻ പറഞ്ഞു.
ലൈസൻസ് ഇല്ലാതെ വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിനും വിശ്വാസ വഞ്ചനയ്ക്കുമാണ് കേസ്.
താൻ പണം വാങ്ങിയില്ലെന്നും പൊതുപ്രവർത്തകനായ തന്റെയടുത്ത് ജോലി ആവശ്യവുമായി എത്തിയ ചിലരോട് കൊല്ലം സ്വദേശിനിയെ കാണാൻ നിർദ്ദേശിച്ചെന്നുമാണ് മനോജിന്റെ ഭാഷ്യം. തന്റെ സഹോദരിയുടെ മകനടക്കം പണം നൽകിയവരിലുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |