വർക്കല: പാപനാശം തീരം മാലിന്യരഹിതമാക്കുന്നതിനുള്ള കാര്യക്ഷമമായ നടപടികളില്ലെന്ന് പരാതി. പാപനാശം ബീച്ചിലെത്തുന്നവർ സെപ്ടിക്ക് മാലിന്യത്തിന്റെ ദുർഗന്ധം സഹിച്ച് പ്രകൃതിഭംഗി ആസ്വദിക്കേണ്ട അവസ്ഥയാണ്. ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീർത്ഥ കുളത്തിൽ നിന്ന് പാപനാശം ബീച്ചിലേക്കുള്ള പ്രധാന റോഡിന് സമാന്തരമായി ഒഴുകുന്ന തോട്ടിലേക്ക് സമീപത്തെ സ്വകാര്യ റിസോർട്ടുകളിൽ നിന്നും സെപ്ടിക്ക് മാലിന്യമുൾപ്പെടെയുള്ളവ വർഷങ്ങളായി ഒഴുക്കിവിടുന്നത് തടയാൻ നടപടികളില്ല. മാലിന്യം ഒഴുകിയെത്തുന്ന ബീച്ചിലെ നടപ്പാലത്തിലും കടൽത്തീരത്താകെയും ദുർഗന്ധം വമിക്കുകയാണ്. മണ്ണിനടിയിലൂടെ പുറത്ത് കാണാത്തവിധം ചെറുപൈപ്പുകൾ സ്ഥാപിച്ചാണ് തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നത്. പാപനാശംതീരം മാലിന്യരഹിതമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞവർഷം മേയിൽ നഗരസഭ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തി ഉറവിടം കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു. എന്നാൽ തുടർപരിശോധനകൾ കാര്യക്ഷമമാകാത്തത് അധികൃതരുടെ അലംഭാവമാണെന്നും ആക്ഷേപമുണ്ട്. പ്രദേശത്തെ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടും പിഴ ചുമത്തിയിട്ടും മലിനജലം ഒഴുക്കുന്നത് തടയാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. കടൽത്തീരത്തേക്ക് ഒഴുകിയെത്തുന്ന ജലം മലിനജലമെന്നറിയാതെ വിനോദസഞ്ചാരികളിൽ പലരും കാൽ വൃത്തിയാക്കുന്നതിനും ഇവിടം ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതു പോലെത്തന്നെ സെപ്റ്റിക്ക് മാലിന്യം ഒഴുക്കുന്നത് തടയാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തീരത്തിനും പരിസ്ഥിതിക്കും വെല്ലുവിളി
സമീപവർഷങ്ങളിൽ വർക്കലയിലെ അനിയന്ത്രിത വിനോദസഞ്ചാരത്തിന്റെ ഫലമായി തീരദേശവും പരിസ്ഥിതിയും അതിവേഗ പരിവർത്തനത്തിന് വിധേയമായതായി വിദഗ്ദ്ധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അനധികൃത നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് അധികൃതർ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തീരദേശത്തിന്റെ സാമൂഹിക-സാമ്പത്തിക-ഭൗതിക-പാരിസ്ഥിതിക തകർച്ചയിലേക്ക് വഴിതെളിക്കാം.
നടപ്പാലം അപകടാവസ്ഥയിൽ
പാപനാശം ബീച്ചിലെ നടപ്പാലം വീണ്ടും അപകടാവസ്ഥയിലായിട്ട് മാസങ്ങൾ പിന്നിടുന്നു. തുരുമ്പെടുത്ത് നശിച്ചതും കൈവരി തകർന്നതുമായ നടപ്പാലത്തിലൂടെയാണ് സഞ്ചാരികളും തീർത്ഥാടകരും നിത്യേന കടന്നുപോകുന്നത്. ഭീമമായ തുക ചെലവഴിച്ച് നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലം നശിച്ചതിനെ തുടർന്ന് തടികൊണ്ടുള്ള താത്കാലിക പാലമായിരുന്നു മുമ്പുണ്ടായിരുന്നത്.വർഷങ്ങൾക്ക് മുമ്പാണ് ഇരുമ്പ് ഷീറ്റുകളും കമ്പികളും കൊണ്ട് ഇപ്പോഴത്തെ പാലം നിർമ്മിച്ചത്.തീരദേശമായതിനാൽ ഇരുമ്പുപാലം അതിവേഗം തുരുമ്പെടുത്തു. പാലത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ പരാതികൾ ഉയർന്നതോടെ കഴിഞ്ഞ കർക്കടകവാവിന് തലേദിവസം ഒരുഭാഗത്തെ കൈവരി താത്കാലികമായി വെൽഡ് ചെയ്ത് ഉറപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ പാലത്തിന്റെ പ്ലാറ്റ്ഫോം ഉൾപ്പെടെ തകർന്ന് അപകടാവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |