തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പുനഃരുദ്ധാരണത്തിന്റെ ഓർമ പുതുക്കി ഇന്ന് ഈസ്റ്റർ. വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിനോടനുബന്ധിച്ചു ഇന്നലെ രാത്രിയും ഇന്നുമായി നടക്കുന്ന ശുശ്രൂഷകളിൽ വിശ്വാസികൾ പങ്കുചേരും.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇന്നലെ രാത്രി 10.30ന് ഉയിർപ്പിന്റെ തിരുകർമങ്ങൾ ആരംഭിച്ചു. ഇന്ന് രാവിലെ 7നും 8.45നും വൈകിട്ട് 5നും വിശുദ്ധ കുർബാനയുണ്ടാകും.
പി.എം.ജി ലൂർദ് ഫൊറോന പള്ളിയിൽ ഇന്നു പുലർച്ചെ 3ന് നടന്ന ഉയിർപ്പിന്റെ തിരുക്കർമങ്ങൾക്ക് ആർച്ച് ബിഷപ്പ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായി. ഇന്ന് രാവിലെ 5.45നും 7.30നും വിശുദ്ധ കുർബാനയുണ്ടാകും. നിർമലാഭവൻ സബ്‌സെന്ററിലും വെള്ളായണി ലിറ്റിൽ ഫൽവർ ദേവാലയത്തിലും ഇന്നു രാവിലെ 3ന് ഇയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിച്ചു.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഇന്ന് രാവിലെ 7.30നും 11നും വൈകിട്ട് 5നും 6.45നും ദിവ്യബലിയുണ്ടാകും.
കോട്ടൺഹിൽ കാർമ്മൽഹിൽ ആശ്രമ ദേവാലയത്തിൽ ഇന്ന് രാവിലെ 6.30നും 8.30നും 11നും വൈകിട്ട് 4നും 5.30നും ദിവ്യബലിയുണ്ടാകും.
കണ്ണമ്മൂല വിശുദ്ധ മദർ തെരേസ പള്ളിയിൽ ഇന്ന് രാവിലെ 7ന് വിശുദ്ധ കുർബാനയുണ്ടാകും.
സ്‌പെൻസർ ജംഗ്ഷനിലുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ദേവാലയത്തിൽ ഇന്ന് രാത്രി നമസ്‌കാരം, പ്രഭാത നമസ്‌കാരം തുടർന്ന് ഉയിർപ്പിന്റെ ശുശ്രൂഷകൾ.
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ഇന്ന് രാവിലെ 5.30ന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിച്ചു.
വലിയതുറ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ഇന്നലെ രാത്രി 10.30ന് ഈസ്റ്റർ തിരുക്കർമങ്ങൾ ആരംഭിച്ചു.
ദുഃഖവെള്ളി ആചരിച്ചു
ദുഃഖവെള്ളിയോടനുബന്ധിച്ച് ലത്തീൻ,സീറോ,മലബാർ,മലങ്കര,കത്തോലിക്കാ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കുരിശിന്റെ വഴി നടന്നു. തങ്ങളുടെ ഭൂമിയും ഭവനവും സംരക്ഷിക്കാൻ പോരാടുന്ന മുനമ്പം നിവാസികൾ, കടൽ മണൽ ഖനനത്തിനെതിരെ പോരാടുന്ന തീരദേശ ജനത, വന്യ മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന മലയോരജനത, ആശാപ്രവർത്തകർ, തുടങ്ങിയവർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന സന്ദേശമാണ് ദുഃഖവെള്ളി ദിവസം നൽകുന്നതെന്ന് കുരശിന്റെ വഴിക്ക് ശേഷം സമാപനസന്ദേശം നൽകിയ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.
ലഹരി മാഫിയയ്ക്ക് മുന്നിൽ പതറിനിൽക്കുന്ന സമൂഹത്തിന് പ്രതീക്ഷ നൽകുന്നത് രക്ഷയുടെ അടയാളമായ കുരിശ് ആണെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |