തിരുവനന്തപുരം: തലസ്ഥാനത്ത് ചാരാച്ചിറയിലെ സർക്കാർ സിവിൽ സർവീസ് അക്കാഡമിയിൽ പഠിച്ച് ഐ.പി.എസ് നേടിയ ടി.ഫറാഷ് (31)സിറ്റി പൊലീസിന്റെ പുതിയ ഉപനായകനാവും. ക്രമസമാധാനത്തിന്റെയും ട്രാഫിക്കിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണറായി ബി.വി വിജയഭാരത് റെഡ്ഡിക്ക് പകരക്കാരനായാണ് ഫറാഷെത്തുന്നത്. ജീവിതത്തിൽ നിർണായക വഴിത്തിരിവുണ്ടാക്കിയ നഗരത്തിന്റെ ഉപപൊലീസ് മേധാവിയായെത്തുന്നതിന്റെ സന്തോഷത്തിലാണ് ഫറാഷ്. തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേൽക്കും.മലപ്പുറം അരീക്കോട് തൊടുകര സ്വദേശിയായ ഫറാഷിന് ക്രമസമാധാന ചുമതലയിലെ ആദ്യ പ്രധാന നിയമനമാണ്. നെയ്യാറ്റിൻകരയിലും ആലപ്പുഴയിലും എ.എസ്.പിയായും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്.പിയായുമൊക്കെ പ്രവർത്തിച്ചെങ്കിലും തലസ്ഥാനത്തെ ഡി.സി.പി നിയമനം ഫറാഷിന് അല്പം സ്പെഷ്യലാണ്. 2015ൽ കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാഡമിയിലേക്ക് ഫറാഷെത്തിയത് സിവിൽ സർവീസിനോടുള്ള അടങ്ങാത്ത മോഹം കൊണ്ടായിരുന്നു.നിരന്തരമായ പരിശ്രമവും സിവിൽ സർവീസ് അക്കാഡമിയിലെ ചിട്ടയായ പരിശീലനവും കൊണ്ട് 2019ൽ മൂന്നാം ശ്രമത്തിൽ 421-ാം റാങ്കോടെ ഫറാഷ് ഐ.പി.എസിലെത്തി. നെയ്യാറ്റിൻകര എ.എസ്.പിയായിരിക്കെ ഗവർണറുടെ എ.ഡി.സിയായും പിന്നീട് ആർ.ആർ.ആർ.എഫ് കമൻഡന്റായും ഫറാഷിനെ നിയമിച്ചിരുന്നു. തലസ്ഥാനത്തെ ക്രമസമാധാനചുമതല വലിയ ഉത്തരവാദിത്വമാണെന്നും നല്ലരീതിയിൽ ചുമതല നിറവേറ്റുമെന്നും ഫറാഷ് കേരളകൗമുദിയോട് പറഞ്ഞു. റിട്ട എ.ഇ.ഒ ഇസ്മായിൽ ഷെരീഫിന്റെയും സ്കൂൾ അദ്ധ്യാപിക ത്വയിബയുടെയും മകനാണ്.ഫിൽദയും ഫദീനുമാണ് സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |