തിരുവനന്തപുരം: 'ഒരു ചെറിയ ചുളിവുപോലും വരാതെ കൊണ്ടുനടന്നതാണ്.ഇനിയിതിന് കടലാസിന്റെ വില പോലുമില്ലല്ലോ...'വനിത സി.പി.ഒ റാങ്ക് ജേതാക്കൾ ഹാൾ ടിക്കറ്റ് നെഞ്ചോടു ചേർത്തു.സെക്രട്ടേറിയറ്റിനു മുന്നിൽ നിറകണ്ണുകളോടെ അവ കത്തിച്ചപ്പോൾ അവരുടെ സ്വപ്നങ്ങളും ചാരമായി. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നലെ രാത്രി 11.59ന് അവസാനിച്ചു. ഉയർന്ന കട്ട് ഓഫ് മാർക്ക് വാങ്ങിയ ഇവർക്ക് നിസഹായരായി നിൽക്കാനേ സാധിച്ചുള്ളൂ. 18നാൾ മഴയും വെയിലും സഹിച്ച് കിടന്ന സമരപ്പന്തലിനോട് രാത്രിയോടെ വിട പറഞ്ഞപ്പോഴും 'അർഹതയില്ലാത്തവർക്ക് ജോലി കിട്ടില്ലെന്ന' മുഖ്യമന്ത്രിയുടെ വാക്കുകൾ തീരാത്ത നോവായി ശേഷിച്ചു. 967പേർ ഉൾപ്പെടുന്ന റാങ്ക്ലിസ്റ്റിൽ 259പേർക്കാണ് നിയമന ശുപാർശ ലഭിച്ചിരുന്നത്. ഏപ്രിൽ 2 മുതൽ 45 ഉദ്യോഗാർത്ഥികൾക്ക് കൂടി അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്ത മൂന്ന് പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് നൽകിയത്. ബാക്കിയുള്ളവരുടെ ഭാവി ചോദ്യചിഹ്നമാണ്.
നേതാക്കൾ അപമാനിച്ചു
പ്രശ്നങ്ങൾ പറയാൻ നേതാക്കളെ സമീപിച്ചപ്പോഴുണ്ടായ ദുരനുഭവങ്ങൾ ഉദ്യോഗാർത്ഥികൾ കണ്ണീരോടെ വെളിപ്പെടുത്തി.
കഴിഞ്ഞമാസം 19ന് എ.കെ.ജി സെന്ററിൽവച്ച് ഒരു മുതിർന്ന നേതാവ്,'നിങ്ങൾ
മരത്തിൽ തൂങ്ങിയാലും റോഡിൽ പെട്രോളൊഴിച്ച് മരിച്ചാലും'പാർട്ടിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞു. ആളുടെ പേര് പറഞ്ഞാൽ വ്യക്തിഹത്യക്ക് കേസെടുക്കുമെന്ന് പലരുമെത്തി ഭീഷണിപ്പെടുത്തി.
യുവനേതാവും എം.പിയുമായ വ്യക്തി ആർ.പി.എഫിൽ ഒഴിവുകളുണ്ടോയെന്ന് അന്വേഷിക്കാൻ പറഞ്ഞു.
ഒരു മന്ത്രി ഞങ്ങളോട് മീൻ വിറ്റ് ജീവിക്കാൻ പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് ദുർവാശിയാണെന്ന് പറഞ്ഞ പി.കെ.ശ്രീമതിയോട് ഞങ്ങൾക്ക് വാശി പോലുമില്ല. ടീച്ചർ, നിങ്ങൾക്കും കുഞ്ഞുങ്ങളില്ലേ? എന്നുമാത്രം ചോദിക്കുന്നു.
ജോലിയുമായി കെ.സി.സി
സമരം ചെയ്യുന്ന 50ഉദ്യോഗാർത്ഥികൾക്ക് കേരള കൗൺസിൽ ഒഫ് ചർച്ചസ്(കെ.സി.സി) ജോലി വാഗ്ദാനം ചെയ്തു. മറ്റൊരു ജോലി ലഭിക്കുന്നതുവരെ സി.പി.ഒയുടെ എൻട്രി ലെവൽ ശമ്പളമുള്ള ജോലിയാണ് നൽകുന്നത്.
പാഴായ സമരം
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ഏപ്രിൽ 2നാണ് സമരം ആരംഭിച്ചത്. 6ന് കല്ലുപ്പിൽ നിന്ന് പ്രതിഷേധം. 7മുതൽ 13 വരെ-കർപ്പൂരം കത്തിച്ചും ഏത്തമിട്ടും പ്രതിഷേധം. വിഷുദിനത്തിലും വീട്ടിൽ പോകാതെ ഉപവാസം. 17 ന് ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |