കോഴിക്കോട് : ഓഫീസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിദരിദ്ര നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷനിൽ അതിദരിദ്ര വിഭാഗത്തിൽ പെടുന്ന 32 പേർക്ക് കല്ലുത്താൻകടവിൽ നൽകിയ ഫ്ലാറ്റിന്റെ താക്കോൽ ദാനവും 25 പേർക്ക് നെല്ലിക്കോട് സ്ഥലം രജിസ്റ്റർ ചെയ്ത് ആധാരം കെെമാറലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ- സ്മാർട്ട് പോലുള്ള പദ്ധതികളിലൂടെ തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങളെല്ലാം ജനങ്ങൾക്ക് പെട്ടെന്ന് ലഭ്യമാകും. ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തെ കോർപ്പറേഷനുകൾക്ക് 1500 കോടി രൂപയുടെ അധിക വരുമാനമുണ്ടായതായും അദ്ദേഹം പറഞ്ഞു. അതിദരിദ്ര നിർമാർജനത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് കോർപ്പറേഷൻ നടത്തുന്നത്. ഇന്ത്യയിൽ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. റവന്യൂ ഭൂമി കണ്ടെത്തി അവ അതിദരിദ്രർക്ക് പതിച്ചുനൽകാനുള്ള അധികാരം ജില്ലാ കളക്ടർക്ക് നൽകികൊണ്ടുള്ള സുപ്രധാന ഉത്തരവ് മന്ത്രി സഭ പാസാക്കിയിട്ടുണ്ട്. ഇത് അതിദരിദ്ര നിർമാർജ്ജന പ്രവർത്തനങ്ങളുടെ വേഗത കൂട്ടും. തദ്ദേശ ഭരണത്തിലെയും, ജനജീവിതത്തിന്റെയും വിപ്ലവകരമായ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അതിദരിദ്ര വിഭാഗത്തിൽ പെടുന്ന 814 കുടുംബങ്ങളെ കണ്ടെത്തി ഇവർക്കാവശ്യമായ സേവനങ്ങൾ നൽകിവരുന്നുണ്ടെന്ന് അവർ പറഞ്ഞു. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി. കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്, പി.ദിവാകരൻ, കെ.സി ശോഭിത തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |